.വയനാട്ടിലെ നരഭോജിക്കടുവയ‌്ക്ക് ചിക്കൻ താൽപര്യമില്ല, പകരം മറ്റൊന്ന് എത്തിക്കും

തൃശൂർ: വയനാട്ടിൽ നിന്നു പിടികൂടിയ നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. മുഖത്തേറ്റ ആഴത്തിലുള്ള മുറിവിന് ചികിത്സ നൽകി, 60 ദിവസം വരെയുളള ക്വാറന്റൈൻ പൂർത്തിയാക്കിയശേഷം പാർക്കിൽ ഉൾക്കൊള്ളിക്കാനുള്ള അനുമതി തേടും. കടുവയുടെ മുഖത്തെയും കാലിലെയും മുറിവ് ഡോക്ടർമാർ വിശദമായി പരിശോധിച്ചു. കാട്ടിൽ മറ്റ് മൃഗവുമായി ഏറ്റുമുട്ടിയുണ്ടായ പരിക്കായിരിക്കുമെന്നാണ് അനുമാനം.

വനംവകുപ്പിന്റെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് ഇന്നലെ രാവിലെ 8.20ന് കടുവയെ വാഹനത്തിൽ നിന്നു ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയത്. 13 വയസാണ് കടുവയുടെ പ്രായം. നല്ല വലിപ്പവുമുണ്ട്. തൂക്കം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മുഖത്തുള്ളത് ആഴത്തിലുള്ള മുറിവാണ്. പ്രായമുളള കടുവയായതിനാൽ ചികിത്സ കരുതലോടെ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. മുറിവിന്റെ ആഴം കണക്കാക്കിയുള്ള ആന്റി ബയോട്ടിക് മരുന്നുകളാണ് നൽകുന്നത്.
തൃശൂർ വെറ്ററിനറി കോളേജിൽ നിന്നുളള ഡോക്ടർമാർക്കൊപ്പം വയനാട്ടിൽ നിന്നുള്ള ഡോക്ടർമാരും ചേർന്നാണ് ചികിത്സ നൽകുന്നത്. തിങ്കളാഴ്ച രാത്രി തന്നെ കടുവയ്ക്ക് പുത്തൂരിൽ താമസസ്ഥലം ഒരുക്കിയിരുന്നു. വയനാട്ടിലെ കൂടല്ലൂരിൽ ക്ഷീരകർഷകനായ പ്രജീഷിനെ ആക്രമിച്ച് കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ച കടുവയാണിത്.
നൽകിയത് എട്ട് കിലോഗ്രാം ചിക്കൻ

വയനാട്ടിൽ നിന്ന് കൊണ്ടുവരുമ്പോൾ എട്ട് കിലോഗ്രാം ചിക്കനാണ് കടുവയ്ക്ക് നൽകിയത്. പുത്തൂരിലെത്തിയ ശേഷവും ചിക്കൻ നൽകിയെങ്കിലും അധികം കഴിച്ചില്ല. ദിവസം എട്ട് കിലോഗ്രാം ബീഫടക്കമുള്ള ഭക്ഷണമാണ് പുത്തൂരിൽ നൽകുക. സുവോളജിക്കൽ പാർക്കിൽ ഒരേക്കർ തുറസായ സ്ഥലമാണ് കടുവകൾക്ക് ഒരുക്കിയിരിക്കുന്നത്. പത്ത് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ വയനാട്ടിൽ നിന്ന് പിടികൂടാനായത്. നെയ്യാറിൽ നിന്ന് കൊണ്ടുവന്ന വൈഗ, ദുർഗ എന്നീ കടുവകളും ഒരു പുലിക്കുട്ടിയും പക്ഷികളും സിംഹവാലൻകുരങ്ങും പാർക്കിലുണ്ട്.

പരിക്കേറ്റ കടുവയ്ക്ക് വിദഗ്ദ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കും. കടുവയുടെ പരിക്കുകൾ ഭേദമായി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തശേഷം ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ പാർക്കിൽ ഉൾക്കൊള്ളിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂ.

error: Content is protected !!