ശബരിമല അയപ്പനുണ്ട് സ്വന്തമായി പിൻ കോഡും സീലും’; പ്രൗഢി കുറയാതെ ശബരിമല പോസ്റ്റ് ഓഫീസ്; പ്രവർത്തനം 78 ദിവസം

ഇന്ത്യൻ രാഷ്ട്രപതി കഴിഞ്ഞാൽ രാജ്യത്ത് സ്വന്തമായി തപാൽ പിൻ കോഡുള്ളത് ശബരിമല അയപ്പനാണെന്ന് പറയാം. നിരവധി പ്രത്യേകതകളുള്ള പോസ്റ്റ് ഓഫീസാണ് ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ്. ആശയ വിനിമയരംഗം ഹൈടെക്ക് ആയ കാലത്ത് സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രൗഢിക്ക് ഒരു കുറവും വന്നിട്ടില്ല.

മണ്ഡലകാലത്തും വിഷുവിനുമായി ആകെ 78 ദിവസം പോസ്റ്റ് ഓഫീസ് പ്രവർത്തിക്കും. സ്വാമി അയ്യപ്പൻ സന്നിധാനം പി ഓ ‘689713’ എന്നതാണ് സന്നിധാനത്തെ വിലാസം. അയ്യപ്പസ്വാമിക്ക് വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശന ക്ഷണം, നന്ദി അറിയിപ്പ് തുടങ്ങിയ കത്തുകളും മണി ഓര്‍ഡറുകളും സന്നിധാനം പോസ്റ്റ് ഓഫീസിലേക്ക് എത്താറുണ്ട്.

അയ്യപ്പൻ്റെ പേരു വെച്ച് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് ഭക്തർ അയക്കുന്ന ഈ കത്തുകൾ അയ്യപ്പന് മുന്നിൽ സമർപ്പിച്ച് ശേഷം എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറുകയാണ് പതിവ്. ഈ പോസ്റ്റ് ഓഫീസ് ശബരിമലയില്‍ സേവനം തുടങ്ങിയത് 1963 ലാണ്.ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്തു മാത്രമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിൻ്റെ പ്രവര്‍ത്തനം.

സാധാരണ പോസ്റ്റ് ഓഫീസ് സീലില്‍ നിന്നും വ്യത്യസ്തമായി അയ്യപ്പസ്വാമി വിഗ്രഹത്തിൻ്റെയും പതിനെട്ട് പടികളുടെയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ സീല്‍ പതിച്ച പോസ്റ്റ് കാര്‍ഡ് വാങ്ങി വേണ്ടപ്പെട്ടവര്‍ക്ക് അയച്ചു നല്‍കാന്‍ ഭക്തര്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുന്നത് പതിവാണ്.

മുദ്ര ചാർത്തിയ കത്തുകൾ വീടുകളിലേക്കും പ്രിയപ്പെട്ടവർക്കും അയയ്ക്കാൻ നിരവധി തീർത്ഥാടകരാണ് നിത്യവും സന്നിധാനത്തെ തപാൽ ഓഫീസിലേക്കെത്തുന്നത്. പോസ്റ്റല്‍ സേവനങ്ങള്‍ക്കു പുറമേ മൊബൈല്‍ റീചാര്‍ജ്, ഇന്‍സ്റ്റന്റ് മണി ഓര്‍ഡര്‍, അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്

error: Content is protected !!