കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ആലപ്പുഴ: തിരുവല്ലയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ ആറു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണന്‍ പറഞ്ഞു. കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്കില്‍ നിന്നു വീണ് യാത്രക്കാരന്‍ മരിച്ചത്. ആലപ്പുഴ തകഴി സ്വദേശി സിയാദ് (32) ആണ് മരിച്ചത്.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. യാതൊരു സുരക്ഷാ മുന്‍കരുതകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോര്‍ഡുകളോ കോണോ വെച്ചില്ലെന്നും സിഐ പറഞ്ഞു. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയര്‍ സിയാദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം യാത്ര ചെയ്യവേയാണ് അപകടം ഉണ്ടായത്. തിരുവല്ല മുത്തൂരില്‍ വെച്ചായിരുന്നു അപകടം. മുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടയാണ് സംഭവം.

മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയര്‍ സിയാദിന്റെ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ബൈക്ക് മറിഞ്ഞയുടന്‍ യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്

error: Content is protected !!