ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍

Web Desk

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു (30) വിനെയാണ് ഖാന്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രതി തീവണ്ടിക്ക് മുന്നില്‍ ചാടിയെന്നാണ് പോലീസിന്റെ വിശദീകരണം.

സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ അര്‍ധനഗ്‌നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ രാജുവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. എന്നാല്‍ പല്ലക്കൊണ്ട രാജു ഇതിനോടകം വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ആറ് വയസ്സുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രാജു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിൽ പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയും 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലില്‍ വധിക്കുമെന്ന് തെലങ്കാന തൊഴില്‍ വകുപ്പ് മന്ത്രി മല്ല റെഡ്ഡി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രതി മരണത്തിന് അര്‍ഹനാണെന്നും ഉടന്‍ പിടികൂടുമെന്നും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. നഗരത്തിൽ എല്ലായിടത്തും പോസ്റ്ററുകൾ ഉള്ളതിനാൽ രക്ഷപ്പെടാനാകില്ലെന്ന് കരുതി ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.

error: Content is protected !!