എന്താണ് ഓട്ടിസം ; ലക്ഷണങ്ങൾ ചെറുപ്രായത്തിൽ എങ്ങനെ തിരിച്ചറിയാം; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ

ഓട്ടിസം എന്ന വാക്ക് ഇന്ന് എല്ലാവർക്കും സുപരിചിതമായി കഴിഞ്ഞു. ദിനംപ്രതി കൂടുന്ന ഓട്ടിസത്തിന്റെ നിരക്ക് തന്നെയാണ് കാരണം .സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവർത്തിച്ചുവരുന്ന റീജണൽ ഇന്റർവെൻഷൻ കളിലും, ജില്ലാ ആശുപത്രികളിലെ ഡിസ്ട്രിക്ട് ഏർലി ഇൻറർവെൻഷൻ സെൻററുകളിലും, മറ്റ് സ്വകാര്യ ക്ലിനിക്കുകളിലും തെറാപ്പിക്കായി എത്തുന്ന കുട്ടികളുടെ എണ്ണം ഇതിന് സാധൂകരിക്കുന്നതാണ്. സ്വയം” എന്ന അർത്ഥമുള്ള ഓട്ടോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്.1943 ൽ ലിയോ കാനർ എന്ന മനോരോഗ വിദഗ്ധനാണ് ആദ്യമായി ഈ പദം ഉപയോഗിച്ചത്.

എന്താണ് ഓട്ടിസം? ഓട്ടിസം എന്നത് രോഗമല്ല മറിച്ച് ഒരു അവസ്ഥയാണ്. ഇതിനെ ഒരു ന്യൂറോ ഡവലപ്മെന്റ് ഡിസോഡർ എന്ന് വിളിക്കാറുണ്ട്. ഇത് കുട്ടികളുടെ ബുദ്ധി വികാസത്തെയും സാമൂഹിക വളർച്ചയും, ആശയ വിനിമയ കഴിവിനെയും സാരമായി ബാധിക്കുന്നു. ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഓരോ കുട്ടികളിലും വ്യത്യസ്തമായിരിക്കും. എങ്കിലും പൊതുവേ ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും, ആശയവിനിമയത്തിലും മറ്റു കുട്ടികളെ അപേക്ഷിച്ച് ഇവർ തീരെ താല്പര്യം കാണിക്കാറില്ല.

ഓട്ടിസത്തെ നാം ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്ന് വിളിക്കാറുണ്ട്. കാരണം നാഡിവ്യൂഹവുമായി ബന്ധപ്പെട്ട സാമൂഹികവും, ആശയ- വിനിമയപരവും, പെരുമാറ്റത്തെ ബാധിക്കുന്നതുമായ ഒരു കൂട്ടം വളർച്ച വ്യതിയാനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി കൊണ്ടുള്ള പദപ്രയോഗമാണ് ഓട്ടിസം സ്പെക്ട്രം ഡിസോഡർ അഥവാ എ എസ് ഡി.

വെർച്ചൽ ഓട്ടിസം
തിരക്കേറിയ നമ്മുടെ ജീവിത സാഹചര്യങ്ങളിൽ കുട്ടികളെ അടക്കി ഇരുത്തുവാനായി മിക്ക മാതാപിതാക്കളും ആശ്രയിക്കുന്നത് ടിവി, മൊബൈൽ തുടങ്ങിയ സ്ക്രീൻ ഉപാധികളെയാണ്. ഇവ കുട്ടികളെ എങ്ങനെ സാരമായി ബാധിക്കുമെന്ന് ആരുംതന്നെ ചിന്തിക്കാറില്ല. ഇതിന്റെ അനന്തരഫലമായി മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളിൽ കണ്ടുവരുന്ന പലവിധ ഡെവലപ്മെന്റൽ ഡിസോഡറിൽ ഒന്നാണ് വെർച്ചൽഓട്ടിസം എന്ന അവസ്ഥ.

2018 ഇൽ റൊമാനിയൻ സൈക്കോളജിസ്റ്റായ മാരിയസ് തിയോഡർ സാംഫിൻ രൂപപ്പെടുത്തിയ ഒരു വാക്യമാണ് വെർച്ചൽ ഓട്ടിസം. ദിവസത്തിൽ അഞ്ചുമണിക്കൂറിൽ അധികം സ്ക്രീനിൽ ഉറ്റു നോക്കുന്ന ഒന്നു മുതൽ മൂന്നു വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ആശയവിനിമയം, സാമൂഹിക ഇടപെടൽ, ഇന്ദ്രിയങ്ങളെ ഏകോപിപ്പിച്ച് കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവയിൽ സാരമായി കുറവുകൾ ഉണ്ടാകുന്നുവെന്നും, ചില പ്രത്യേക സ്വഭാവ -പെരുമാറ്റ പ്രശ്നങ്ങൾ തുടങ്ങി ഓട്ടിസത്തിന് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്നുവെന്നും അദ്ദേഹം കണ്ടെത്തി. കൃത്യമായ പ്രാരംഭ ഇടപെടലുകളിലൂടെ ഈ അവസ്ഥയെ പൂർണ്ണമായി മാറ്റുവാനും സാധിക്കുമെന്നും അദ്ദേഹം കണ്ടെത്തി.

ഓട്ടിസം ലക്ഷണങ്ങൾ ചെറിയ പ്രായത്തിൽ തിരിച്ചറിയാം
1 .ആശയവിനിമയം
∙ഓട്ടിസം ഉള്ള കുട്ടികൾ സംസാരത്തിലും വാക്കാൽ ഉള്ളതുമായ ആശയ വിനിമയത്തിലും കാര്യമായ കുറവുകൾ കാണിക്കുന്നു.
∙സമപ്രായക്കാരുമായോ മറ്റു കുട്ടികളുമായോ ആശയവിനിമയം നടത്തുകയോ അവരോടൊപ്പം കളിക്കുകയോ ചെയ്യുന്നില്ല.
∙ടിവിയിലോ കാർട്ടൂണുകളിലോ മറ്റുള്ളവരുടെ സംസാരത്തിലോ കേട്ട ചില വാക്കുകൾ ഇടയ്ക്ക് അനുയോജ്യമല്ലാത്ത സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നു.
∙ചില കുട്ടികൾ ചില വാക്കുകൾ മാത്രം ആവർത്തിക്കുന്നു.
∙അർത്ഥമില്ലാത്ത ശബ്ദങ്ങളും വാക്കുകളും ഉപയോഗിച്ച് തനിയെ ഇരുന്ന് എന്തൊക്കെയോ സംസാരിക്കുക.
∙നമ്മൾ കുട്ടികളോട് കാര്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം നൽകാതെ കുട്ടി ചോദ്യം ആവർത്തിക്കുന്നു.
∙സങ്കടം ദേഷ്യം, സന്തോഷം തുടങ്ങി വിവിധ വികാരപ്രകടനങ്ങൾ ഒന്നും കൂട്ടി കാണിക്കാതെ നിസ്സംഗ ഭാവത്തിൽ ഇരിക്കുക.

 1. സാമൂഹിക ഇടപെടലുകൾ
  ∙സാഹചര്യങ്ങൾക്ക് അനുസരിച്ച് മറ്റുള്ളവരുമായി ഇടപെടാൻ സാധിക്കാതെ വരിക.
  ∙കൂട്ടുകാരുമായോ സമപ്രായക്കാരുമായോ കളിക്കാൻ താല്പര്യം കാണിക്കാതിരിക്കുകയും പകരം ഒറ്റയ്ക്കിരുന്ന് കളിപ്പാട്ടങ്ങളോ മറ്റു വസ്തുക്കളോ ഉപയോഗിച്ചുള്ള കളികൾക്ക് മുൻതൂക്കം കൊടുക്കുക.
  ∙കൂട്ടുകാരുമയോ മറ്റുള്ളവരുമായോ ബന്ധങ്ങൾ രൂപീകരിക്കുന്നതിലും നിലനിർത്തുന്നതിനും ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുക.

3.വൈകാരിക പ്രശ്നങ്ങൾ
∙വെറുതെ കരയുകയും ചിരിക്കുകയും ചെയ്യുക.
∙കളിപ്പാട്ടങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ നിരനിരയായി അടുക്കി വെക്കുക, അവ ക്രമം മാറുകയോ മറ്റും ചെയ്യുമ്പോൾ അസ്വസ്ഥനാവുകയും ചെയ്യുക.
∙വെറുതെ കൈകൾ കൊട്ടി ആവർത്തിച്ച് ശബ്ദം കേൾപ്പിക്കുക, ചില പ്രത്യേക ഭാവത്തിൽ കൈകൾ ചലിപ്പിക്കുക, വട്ടത്തിൽകറങ്ങുക.
∙അച്ഛനോടോ അമ്മയോടോ സഹോദരങ്ങളോടോ പ്രത്യേക സ്നേഹപ്രകടനങ്ങൾ കാണിക്കാതിരിക്കുക.

 1. സെൻസറി പ്രശ്നങ്ങൾ
  ∙ഓട്ടിസം കുട്ടികൾക്ക് ചില ശബ്ദങ്ങൾ ടെക്സ്ച്ചറുകൾ (പ്രതലങ്ങൾ) എന്നിവയോട് അമിതമായ പേടി ആയിരിക്കും.
  ഉദാഹരണം :-മിക്സിയുടെ ശബ്ദം, കുക്കറിന്റെ ശബ്ദം, ചില വാഹനങ്ങളുടെ ശബ്ദങ്ങൾ, നനഞ്ഞതോ ഒട്ടിപ്പിടിക്കുന്നതോ ആയ വസ്തുക്കൾ

5.പെരുമാറ്റ-സ്വഭാവ പ്രശ്നങ്ങൾ
∙കൈകൾ പ്രത്യേക രീതിയിൽ തുടർച്ചയായി ചലിപ്പിക്കുക.
∙ചില വസ്തുക്കളിലോ,ഒരു കാര്യത്തിൽ മാത്രമോ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
∙മിക്കവാറും സമയങ്ങളിൽ അലറി കരയുക.
∙പ്രത്യേക രീതിയിലോ നിരനിരയായോ വസ്തുക്കളും കളിപ്പാട്ടങ്ങളും നിരത്തിവെക്കുക.
∙ചില കാര്യങ്ങൾ ആവർത്തിച്ചു ചെയ്യുക.
∙സാധാരണമല്ലാത്ത ഭക്ഷണരീതിയും ശീലങ്ങളും കാണിക്കുക.

മൂന്നു വയസ്സിനുള്ളിൽ തന്നെ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താനും, ഏതു ലെവൽ ഓട്ടിസം ആണെന്ന് തിരിച്ചറിയാനും സാധിക്കും. കുട്ടിക്ക് ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് മാതാപിതാക്കൾക്കു സംശയം തോന്നിയാൽ വിദഗ്ധരായ പീഡിയാട്രീഷൻ, സൈക്കോളജിസ്റ്റ്, പരിചയസമ്പന്നരായ മറ്റ് തെറാപ്പിസ്റ്റുകൾ എന്നിവരുടെ സഹായം തേടുകയും തെറാപ്പി പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യാം.

കുട്ടികൾക്ക് ഏതൊക്കെ തെറാപ്പികൾ നൽകാം?
1.വ്യക്തിഗത പരിശീലനം
ഓരോ കുട്ടിയുടെയും കഴിവുകൾ വ്യത്യസ്തങ്ങൾ ആയിരിക്കും. അതിനനുസരിച്ചുള്ള പരിശീലനം നൽകുക എന്നത് വളരെയേറെ പ്രധാനപ്പെട്ടതാണ്. സ്പീച്ച് തെറാപ്പി, ഒക്യൂപെഷണൽ തെറാപ്പി, ബിഹേബറൽ തെറാപ്പി, ഫിസിയോതെറാപ്പി എന്നിവ ഉൾപ്പെടുത്തിയുള്ള ചിട്ടയായ പരിശീലനം ആണ് ഓട്ടിസം കുട്ടികളിൽ ഫലപ്രദമാവുക. വ്യക്തിഗത പരിശീലനത്തിന് ശേഷം ആർജ്ജിച്ച കഴിവുകൾ പലവിധ സാഹചര്യങ്ങളിൽ അവർക്ക് ഉപയോഗിക്കാൻ ആവുമെന്ന് ഉറപ്പാക്കാനായി ഗ്രൂപ്പ് തെറാപ്പി നൽകുന്നതും ഉചിതമാണ്.

പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകളുടെ നിർദ്ദേശം അനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ ഓരോ മേഖലയിലും കുട്ടികൾ ആർജിക്കേണ്ട കഴിവുകളെ ത്വരിതപ്പെടുത്തുവാനും, പെരുമാറ്റ പ്രശ്നങ്ങളെ കുറയ്ക്കുവാനും, സാമൂഹികവും വിദ്യാഭ്യാസപരവുമായ വികാസം സ്വായത്തമാക്കുവാനും മാതാപിതാക്കൾക്ക് സാധിക്കും. കുട്ടിയുടെ വളർച്ചയുടെ കാലഘട്ടത്തിലെ ഓരോ വികാസത്തെയും നിരീക്ഷിച്ച് ഓട്ടിസം ലക്ഷണങ്ങൾ എത്രയും വേഗം തിരിച്ചറിഞ്ഞ് പരിശീലന പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നതാണ് പ്രധാന ഘടകം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!