newsdesk
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി മന്ത്രി എംബി രാജേഷ്. 12 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും കുടിവെള്ളം, ഭക്ഷണമടക്കം എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനിൽക്കാതെ നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകൾക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാൻ സമീപത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹായം കൂടി തേടുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരെ പുനർവ്യന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉരുൾപൊട്ടലിൽ ലയങ്ങൾ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം തടത്തുന്നതായി സന്നദ്ധപ്രവർത്തകൻ കെവി ഷാജി അറിയിച്ചു. നിരവധി ലയങ്ങള്‍ എന്‍ഡിആര്‍എഫിൻ്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവര്‍ത്തനം നടക്കുന്നുവെന്നും കെവി ഷാജി പറഞ്ഞു. അതേസമയം, മരണം 60 ആയി ഉയർന്നു.
മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുാകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. പ്രത്യേകിച്ച് ലയങ്ങൾ മണ്ണിനടിയിൽ പോയിട്ടുണ്ടെന്നും ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടക്കൈയിൽ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് പറയുന്നു നാട്ടുകാർ. മുണ്ടക്കൈ ഭാഗത്ത് നിന്നുള്ള ചിലർ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്ന് പറയുകയാണ് പ്രദേശവാസികളിലൊരാൾ. ചാലിയാറിൽ നിന്ന് മാത്രം കണ്ടെടുത്തത് 10 മൃതദേഹങ്ങളാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേർ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവികസേനയെത്തിയിട്ടുണ്ട്.
റംലത്ത്, അഷ്റഫ്, കുഞ്ഞിമൊയ്തീൻ, ലെനിൻ, വിജീഷ്, സുമേഷ്, സലാം, ശ്രേയ, പ്രേമലീല, റെജിന എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 5 ഇടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലെത്തിച്ച 40 മൃതദേഹങ്ങളിൽ- 21 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 8 മൃതദേഹങ്ങളിൽ- രണ്ട് പേരെ തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രി ഒന്നും, മലപ്പുറം പോത്തുകല്ല് പ്രദേശത്ത് നിന്ന് ലഭിച്ച 10 മൃതദേഹങ്ങളിൽ എട്ടെണ്ണം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമുണ്ട്. മലപ്പുറം ചുങ്കത്തറ കുന്നത്തു പൊട്ടി കടവിൽ ഒരു മൃതദേഹം കൂടി കിട്ടി.