
newsdesk
കൽപ്പറ്റ ⚫ വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 54 മൃതദേഹങ്ങൾ പലയിടങ്ങളിലായി ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത. നിരവധിപേർ മണ്ണിനടിയിലാണ്. മേപ്പാടി ഹെൽത്ത് സെന്ററിൽ 18 മൃതദഹങ്ങളും സ്വകാര്യ മെഡിക്കൽ കോളജിൽ അഞ്ച് മൃതദേഹങ്ങളുമുണ്ടെന്നാണ് ജില്ല ഭരണകൂടം നൽകുന്ന വിവരം.
നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് ചാലിയാറിലൂടെ ഒഴുകിയെത്തിയ 11 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്. 50ലേറെ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേരാണ് മേഖലയിൽ കുടുങ്ങി കിടക്കുന്നത്.
മേപ്പാടി മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.
ഉരുൾപൊട്ടലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകർന്നതിനാൽ കൂടുതൽ രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്