
newsdesk\
കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മിഷൻ സിറ്റിംഗിൽ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി പരാതികൾ കേൾക്കുന്നു ഈ വാർത്ത കേൾക്കാംകോഴിക്കോട് : സ്വകാര്യ സ്ഥാപനങ്ങളിലെ പണമിടപാടുകളിൽ സ്ത്രീകൾ അതീവ ജാഗ്രത പുലർത്തണമെന്ന് വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി. ആവശ്യമായ രേഖകൾ ഇല്ലാതെ സാമ്പത്തിക ഇടപാടുകളിൽ പണം നഷ്ടമാകുമ്പോൾ സ്ത്രീകൾ അതിനു പരിഹാരം കാണാനാകാതെ മാനസിക പ്രയാസം നേരിടുകയാണെന്നും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മിഷൻ സിറ്റിംഗിനു ശേഷം അവർ പറഞ്ഞു.
കമ്മിഷൻ മുമ്പാകെ വരുന്ന ഗാർഹിക ചുറ്റുപാടുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം വർദ്ധിക്കുന്നു. ഭാര്യാ ഭർതൃ കലഹത്തിൽ കുട്ടികൾ വലിയതോതിൽ മാനസിക സംഘർഷത്തിന് ഇരകളാകുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം, സ്ത്രീകൾക്ക് നിയമപ്രകാരം ലഭിക്കേണ്ട സ്വത്തവകാശം ബന്ധുക്കൾ നിഷേധിക്കുന്ന സംഭവങ്ങൾ തുടങ്ങിയ പരാതികളും കമ്മിഷന് മുന്നിൽ എത്തിയിരുന്നു.
തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പരാതി പരിഹാരത്തിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഇന്റേണൽ കമ്മിറ്റികൾ ഫലപ്രദമായി പരാതികൾ കൈകാര്യം ചെയ്യണം. സിറ്റിംഗിൽ ആകെ പരിഗണിച്ച 65 പരാതികളിൽ 11 എണ്ണം തീർപ്പാക്കി. ഏഴ് പരാതികളിൽ പൊലീസ് റിപ്പോർട്ട് തേടി. 46 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. സിറ്റിംഗിൽ വനിത കമ്മിഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ, കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകരായ റീന, ജിഷ, കൗൺസിലർമാരായ സബിന, അവിന എന്നിവർ പങ്കെടുത്തു.