ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വടകര സ്വദേശിനിക്ക് പരിക്കേറ്റ സംഭവം; സി.സി.ടി.വി. ക്യാമറകൾ, മൊബൈൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതം

വടകര: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വടകര സ്വദേശിനിക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതം. സി.സി.ടി.വി. ക്യാമറകൾ, മൊബൈൽ ഫോൺ ടവറുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. ആർ.പി.എഫ്., റെയിൽവേ പോലീസ്, ലോക്കൽ പോലീസ് എന്നിവയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പുറമേരി എരഞ്ഞോളി താഴെകുനി ഐശ്വര്യ രാമകൃഷ്ണനാണ് കല്ലേറിൽ പരിക്കേറ്റത്. കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിൽ ആലുവയിൽ നിന്ന് വടകരയിലേക്കുള്ള യാത്രയ്ക്കിടെയാണ് തിങ്കളാഴ്ച രാത്രി ഒൻപതരയോടെ കല്ലേറുണ്ടായത്. വിദ്യാർത്ഥിനിയുടെ രണ്ടുപല്ലുകൾ കല്ലേറിനെത്തുടർന്ന് ഇളകിപ്പോവുകയും ആറുപല്ലുകൾക്ക് ഇളക്കം തട്ടുകയും ചെയ്തിരുന്നു. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. ശസ്ത്രക്രിയ പൂർത്തിയായതായി വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ അറിയിച്ചു. ഒരുമാസം ദ്രവാവസ്ഥയിലുള്ള ഭക്ഷണംമാത്രമേ കഴിക്കാൻ സാധിക്കുകയുള്ളൂ.

സംഭവത്തിൽ റെയിൽവേ ആക്ടിലെ 152-ാം വകുപ്പുപ്രകാരം കേസെടുക്കും. ഇത്തരത്തിലുള്ള കേസിൽ ജാമ്യം ലഭിക്കില്ല. മാത്രമല്ല, 10 വർഷം വരെ തടവോ തടവും പിഴയും കൂടിയോ അതല്ലെങ്കിൽ ജീവപര്യന്തംവരെ തടവോ ലഭിക്കാവുന്ന കുറ്റമാണിത്.

error: Content is protected !!