യുപി നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് ആരംഭിച്ചു

Web Desk

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ആരംഭിച്ചു. പോളിങ് തുടങ്ങി ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ ഷാമലി ജില്ലയിൽ ചിലയിടങ്ങളിൽ പോളിങ് യന്ത്രം കേടായി. യന്ത്രങ്ങൾ ഉടൻ തന്നെ മാറ്റിയെന്നും ക്രമസമാധാനപ്രശ്നമില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. പടിഞ്ഞാറൻ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗാസിയാബാദ്, ഗൗതംബുദ്ധ് നഗർ, ഭാഗ്പത്, മീററ്റ്, ഹാപുർ, ബുലന്ദ്ശഹർ, അലിഗഡ്, മഥുര, ആഗ്ര, ഷാംലി, മുസഫർനഗർ എന്നീ ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. യോഗി ആദിത്യനാഥ് സർക്കാരിലെ 10 മന്ത്രിമാർ ആദ്യഘട്ടത്തിൽ മത്സരിക്കുന്നുണ്ട്.

ബിജെപിയും സമാജ്‌വാദി പാർട്ടി–ആർഎൽഡി സഖ്യവും തമ്മിലാണ് മുഖ്യമത്സരം. കർഷകരുടെ പ്രക്ഷോഭത്തിന്റെ അലയടിയുണ്ടായ മേഖലയാണ് പടിഞ്ഞാറൻ യുപി. ജാട്ട് വോട്ടുകൾ ഇവിടെ നിർണായകമാണ്. ആദ്യഘട്ട തിരഞ്ഞെടുപ്പിന് 50,000 അർധസൈനികരെ നിയോഗിച്ചിട്ടുണ്ട്. മഥുര ജില്ലയിൽ മാത്രം 21,000 പേർ ഉണ്ട്. 7 ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടം 14ന് നടക്കും. മാർച്ച് 10നാണ് ഫലപ്രഖ്യാപനം. 2017ലെ തിരഞ്ഞെടുപ്പിൽ 91 ശതമാനം സീറ്റും ബിജെപി പിടിച്ചെടുത്തിരുന്നു.

error: Content is protected !!