എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി: സ്വപ്നയ്ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം

Web Desk

എയർ ഇന്ത്യ ഉദ്യോഗസ്ഥൻ എൽ.എസ്.സിബുവിനെതിരെ വ്യാജപരാതി നൽകിയെന്ന കേസിൽ നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. വ്യാജപരാതി സൃഷ്ടിച്ചത് എച്ച്ആർ മാനേജരായിരുന്ന സ്വപ്നയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന. എയർ ഇന്ത്യ സാറ്റ്സ് മുൻ മേധാവി ബിനോജ് ജേക്കബ് അടക്കം ആകെ 10 പേരാണ് കേസിലെ പ്രതികൾ.

എയർ ഇന്ത്യ സാറ്റ്സിൽ ജീവനക്കാരി ആയിരിക്കെയാണു സ്വപ്ന സിബുവിനെതിരെ ഗൂഢാലോചന നടത്തി വ്യാജ പരാതികൾ ചമച്ചത്. എയർ ഇന്ത്യ ഓഫിസർമാരുടെ അഖിലേന്ത്യാ സംഘടനാ നേതാവായിരുന്ന സിബു സാറ്റ്സിലെ വൻ അഴിമതി സംബന്ധിച്ചു കേന്ദ്ര വിജിലൻസ് കമ്മിഷനു പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധത്തിലാണു സാറ്റ്സിലെ 17 വനിതാ ജീവനക്കാരുടെ വ്യാജ ഒപ്പിട്ട് സിബുവിനെതിരെ സ്വപ്ന പരാതി നൽകിയത്. മാത്രമല്ല, ഒരു പരാതിക്കാരിയെന്ന പേരിൽ മറ്റൊരു വനിതയെ ആൾ മാറാട്ടം നടത്തി എയർ ഇന്ത്യ ഉദ്യോഗസ്ഥരുടെ മുൻപിൽ ഹാജരാക്കുകയും ചെയ്തു.

2015 ജനുവരിയിലാണ് വ്യാജപരാതി തിരുവനന്തപുരം വിമാനത്താവള ഡയറക്ടർക്കു ലഭിക്കുന്നത്. 2015 മാർച്ചിൽ സിബുവിനെ ഹൈദരാബാദിലേക്കു സ്ഥലംമാറ്റി. പരാതി പരിഗണിച്ച എയർ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി തന്റെ വാദങ്ങൾ പരിഗണിക്കാതെ കുറ്റക്കാരനായി കണ്ടെത്തിയതിനെത്തുടർന്ന് സിബു ക്രൈംബ്രാഞ്ചിനു പരാതി നൽകുകയായിരുന്നു.

error: Content is protected !!