NEWSDESK
ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസം പകരുന്ന നിരവധി പ്രഖ്യാപനങ്ങളുമായി മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്. സ്വർണത്തിനും വെള്ളിക്കും വിലകുറയും. ഇതിനൊപ്പം മൊബൈൽ ഫാേണുകൾക്കും ചാർജറുകൾക്കും തുണിത്തരങ്ങൾക്കും ലതർ ഉത്പന്നങ്ങൾക്കും വില കാര്യമായി കുറയും. ബഡ്ജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെയാണ് ഇവയ്ക്ക് വില കുറയുന്നത്. ക്യാൻസർ ചികിത്സയ്ക്കുള്ള മൂന്നുമരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.
ആദായ നികുതി നിയമത്തിൽ സമഗ്ര പരിഷ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്യണ്യപ്രവർത്തനങ്ങൾക്കുള്ള പണമിടപാടിന് നികുതിയില്ല. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടി ഉണ്ടാകില്ല എന്ന പ്രഖ്യാപനവും ബഡ്ജറ്റിലുണ്ട്.
ചെറുകിട – ഇടത്തരം സംരംഭങ്ങൾക്ക് ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഈട് രഹിത വായ്പ നൽകും. ഇതിനായി 100 കോടി രൂപ വരെയുള്ള വായ്പകൾ പ്രാപ്തമാക്കുന്നതിനുള്ള പുതിയ ഗ്യാരന്റി പ്ലാനുകൾ കൊണ്ട് വരും. എംഎസ്എംഇകൾക്ക് ബാങ്ക് വായ്പ സുഗമമാക്കുമെന്നും ബഡ്ജറ്റ് പ്രഖ്യാപനത്തിലുണ്ട്.എംഎസ്എംഇകൾക്ക് ഈടും ഗ്യാരന്റിയും ഇല്ലാതെ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും ടേം ലോണുകൾ സുഗമമാക്കുന്നതിനും പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. മുദ്ര വായ്പയുടെ പരിധി ഉയർത്തിയിട്ടുണ്ട്. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. രാജ്യത്ത് കൂടുതൽ വ്യവസായ പാർക്കുകൾ കൊണ്ടുവരും.
12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നാണ് പ്രഖ്യാപനം. തൊഴിൽ, മദ്ധ്യവർഗം, ചെറുകിട – ഇടത്തരം മേഖലകൾക്ക് ആണ് ബഡ്ജറ്റിൽ കൂടുതൽ പരിഗണന നൽകുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു.