
newsdesk
കണ്ണൂർ ∙ കസേരയോടെ മകൻ വലിച്ചെറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പള്ളിയാന്മൂല ലക്ഷം വീട് കോളനിയിൽ വി. ശാന്ത (88) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. സംഭവത്തിനു പിന്നാലെ മകൻ സജീവനെ (58) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പള്ളിയാംമൂലയിലെ വീട്ടിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ശാന്തയെ മദ്യപിച്ചെത്തിയ മകൻ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു.
തലയടിച്ച് വീണ ശാന്തയ്ക്ക് ഗുരുതരമായി പരുക്കേറ്റു. സജീവൻ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ ചെലവിനു കൊടുക്കാത്തതിനെ കുറിച്ച് ചോദിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു.