ആറാട്ടുപ്പുഴയിൽ തിടമ്പേറ്റാന്‍ നിന്ന ആന മറ്റൊരാനയെ കുത്തി; ചിതറിയോടി ജനങ്ങൾ

Web Desk

ആറാട്ടുപ്പുഴ മന്ദാരംകടവില്‍ ആറാട്ടിനു ശേഷം തിടമ്പേറ്റാന്‍ നിന്ന ആനകളില്‍ ഒന്ന് മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി. ഭയന്നോടിയ നാട്ടുകാരില്‍ രണ്ടു പേര്‍ക്ക് വീണു പരുക്കേറ്റു. അതേസമയം, ആറാട്ടുപുഴ പൂരത്തിന്റെ ഏറ്റവും മനോഹരമായ കൂട്ടിയെഴുന്നള്ളിപ്പ് എഴുപത് ആനകളുടെ അകമ്പടിയില്‍ നടന്നു.രാവിലെ ഒന്‍പതരയോടെയായിരുന്നു ആറാട്ടുപുഴ മന്ദാരംകടവില്‍ ആന മറ്റൊരാനയെ കുത്തിയത്. ആനകളുടെ പരാക്രമം കണ്ട് ആളുകള്‍ ചിതറിയോടി. ആനകള്‍ ആളുകളെ ആക്രമിച്ചില്ല. പക്ഷേ, ഭയന്നോടിയ രണ്ടു പേര്‍ക്ക് വീണു പരുക്കേല്‍ക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ആനകളെ നിയന്ത്രണത്തിലാക്കി. ആറാട്ടിനു ശേഷം ഉപചാരം ചൊല്ലല്‍ ചടങ്ങിനു സാക്ഷ്യംവഹിക്കാന്‍ വന്‍പുരുഷാരം കാത്തുനില്‍ക്കുകയായിരുന്നു.
ആനകളെ വേഗം നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടായില്ല. ഏറ്റവും വലിയ ദേവമേള എന്നാണ് ആറാട്ടുപുഴ പൂരം അറിയപ്പെടുന്നത്. കൂട്ടിയെഴുന്നള്ളിപ്പായിരുന്നു മുഖ്യ ആകര്‍ഷണം. എഴുപത് ആനകളാണ് കൂട്ടിയെഴുന്നള്ളിപ്പില്‍ അണിനിരന്നത്. ഇന്നു വെളുപ്പിന് നടന്ന കൂട്ടിയെഴുന്നള്ളിപ്പ് കാണാന്‍ ഭക്തരുടെ വന്‍തിരക്കായിരുന്നു. ദേവീദേവന്‍മാര്‍ ഉപചാരം ചൊല്ലി പിരിയുന്നതായിരുന്നു പൂരപ്രേമികളെ ആകര്‍ഷിച്ച മറ്റൊരു പ്രധാന ചടങ്ങ്.

error: Content is protected !!