തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂളിലെ എൽ എസ് എസ് പരീക്ഷ തീരും മുൻപേ ഉത്തരക്കടലാസ് വാങ്ങിവെച്ചതായി പരാതി ;വിദ്യാർത്ഥികളുടെ 45 ഓളം മിനിറ്റ് നഷ്ടപ്പെട്ടതായാണ് പരാതി

തിരുവമ്പാടി: എൽ എസ് എസ് പരീക്ഷ തീരും മുൻപേ ഉത്തരക്കടലാസ് വാങ്ങിവെച്ചതായി പരാതി . വിദ്യാർത്ഥികളുടെ 45 ഓളം മിനിറ്റ് നഷ്ടപ്പെട്ടതായാണ് പരാതി .തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂളിലെ 20 ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് വിദ്യാഭ്യാസ മന്ത്രി,എം എൽ എ ,വിദ്യാഭ്യാസ ഉപ ഡയറക്ടർ ,ബാലാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിരിക്കുന്നത് .

പരാതിയുടെ പൂർണ്ണ രൂപം ഇങ്ങനെ

LSS പരീക്ഷയിൽ ചട്ടലംഘനം
കുട്ടികളെ മാനസികമായി പീഡിപ്പിച്ച അധ്യാപികയ്‌ക്കെതിരെ നടപടി വേണമെന്ന് രക്ഷിതാക്കൾ.
കഴിഞ്ഞ ഫെബ്രുവരി 26-ന് നടന്ന എൽ.എസ്.എസ് (LSS) പരീക്ഷയിൽ ഇൻവിജിലേറ്ററുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും കുട്ടികളോടുള്ള മാനസിക പീഡനവും സംബന്ധിച്ച് വ്യാപക പ്രതിഷേധം. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ ഒന്നാം നമ്പർ പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മണാശ്ശേരി യു.പി സ്കൂളിലെ അധ്യാപികക്കെതിരെയാണ് രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയത്.


​പരീക്ഷാ ഹാൾ ടിക്കറ്റിലും ഔദ്യോഗിക സർക്കുലറിലും, AEO വിളിച്ചുചേർത്ത മീറ്റിംഗ്, പരീക്ഷാ സെന്റർ ഇൻചാർജ് ആയിരുന്ന അധ്യാപകൻ വിളിച്ചുചേർത്ത മീറ്റിംഗ് എന്നിവയിൽ ഉച്ചയ്ക്ക് ശേഷം 1:30 മുതൽ 3:30 വരെയാണ് രണ്ടാം പേപ്പർ പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ, പരീക്ഷ അവസാനിക്കാൻ 45 മിനിറ്റ് ബാക്കിനിൽക്കെ (2:45 PM), പരീക്ഷ മൂന്ന് മണിക്ക് അവസാനിക്കുമെന്ന് പറഞ്ഞ് അധ്യാപിക കുട്ടികളെ ഭയപ്പെടുത്തി. ഔദ്യോഗികമായി വാണിംഗ് ബെല്ലോ അനൗൺസ്മെന്റോ വരുന്നതിന് മുൻപ് തന്നെ 2:50-ന് കുട്ടികളിൽ നിന്ന് ഉത്തരക്കടലാസുകൾ പിടിച്ചുവാങ്ങുകയായിരുന്നു. പിന്നീട് ഉത്തരക്കടലാസുകൾ തിരികെ നൽകിയെങ്കിലും ഒന്നും എഴുതാൻ അനുവദിക്കാതെ 3:30 വരെ കുട്ടികളെ വെറുതെ ഇരുത്തി സമയം പാഴാക്കിയതായും പരാതിയിലുണ്ട്.


​ആറുവർഷമായി എൽ.എസ്.എസ് പരീക്ഷാ ഡ്യൂട്ടി ചെയ്യുന്ന അധ്യാപിക, പരീക്ഷാ നിയമങ്ങൾ നിലനിൽക്കെ സ്വന്തം നിലയിൽ സമയം വെട്ടിക്കുറച്ചത് ബോധപൂർവ്വമായ അട്ടിമറിയാണെന്ന് രക്ഷിതാക്കൾ സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ എ.ഇ.ഒ (AEO) ഓഫീസിലെത്തിയ രക്ഷിതാക്കളോട്, അധ്യാപികയെ ന്യായീകരിക്കുന്ന രീതിയിലാണ് അധികൃതർ സംസാരിച്ചതെന്നും ഇതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും രക്ഷിതാക്കൾ അറിയിച്ചു. ഒന്നാം നമ്പർ റൂമിലുണ്ടായിരുന്ന 20 കുട്ടികളും ഒരേ സ്കൂളിൽ നിന്നുള്ള കുട്ടികളാണ്.
​സംസ്ഥാന ബാലാവകാശ കമ്മീഷൻ, വിദ്യാഭ്യാസ മന്ത്രി, എം.എൽ.എ, ഡി.ഡി.ഇ (DDE), ഡി.ഇ.ഒ (DEO), എ.ഇ.ഒ, പരീക്ഷാ കേന്ദ്രം ഇൻചാർജ് എന്നിവർക്ക് രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. കുട്ടികൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം

error: Content is protected !!