തിരുവമ്പാടിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉന്മൂലന നടപടികൾ തുടങ്ങി

തിരുവമ്പാടി: അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമായതോടെ ഇവയെ നശിപ്പിക്കാനുള്ള നടപടികളുമായി തിരുവമ്പാടി പഞ്ചായത്ത് രംഗത്ത്. മനുഷ്യന്റെ ആരോഗ്യത്തിനും കാർഷിക വിളകൾക്കും ഒച്ചുകൾ ഒരുപോലെ ഭീഷണിയായ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്.

ഒരാഴ്ച മുൻപാണ് ടൗണിലെ വിവിധ ഭാഗങ്ങളിൽ ഒച്ചുകളെ കണ്ടുതുടങ്ങിയത്. കെ.എസ്.ഇ.ബി ഓഫീസിന് പുറകുവശത്തും കെ.എസ്.ആർ.ടി.സി ഗ്യാരേജിന് സമീപത്തെ പറമ്പിലുമാണ് ഒച്ചുകൾ ഏറ്റവും കൂടുതൽ കാണപ്പെട്ടത്. പ്രശ്നം ഗുരുതരമായതോടെ പഞ്ചായത്ത് ഭരണസമിതി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും കൃഷി ഓഫീസറെയും ഉൾപ്പെടുത്തി അടിയന്തര യോഗം ചേരുകയും നശിപ്പിക്കാനുള്ള കർമ്മപദ്ധതി തയ്യാറാക്കുകയും ചെയ്തു.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേനാംഗങ്ങൾ, വ്യാപാരികൾ, വിവിധ ക്ലബ്ബ് പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്നാണ് ഒച്ചുകളെ ശേഖരിച്ച് നശിപ്പിക്കുന്നത്. ഒച്ചുകൾ വ്യാപകമായ ഇടങ്ങളിൽ നിന്നും അവയെ ശേഖരിച്ച് ഒരിടത്ത് കൂട്ടിയിട്ട് ജൈവ ലായനി തളിച്ചാണ് നശിപ്പിക്കുന്നത്. പഞ്ചായത്തിലെ മറ്റ് വാർഡുകളിലും ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ വരും ദിവസങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അറിയിച്ചു.

പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡന്റ് അജിത പി.ആർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ, കൃഷി ഓഫീസർ മുഹമ്മദ് ഹസ്സൻ എന്നിവർ നേതൃത്വം നൽകി. വ്യാപാരി വ്യവസായികൾക്കൊപ്പം ജെ.സി.ഐ, റോട്ടറി, ടി.ഡി.ആർ.എഫ്, സൗപർണ്ണിക, വൈറ്റ് ഗാർഡ്, ടീം ഓഫ് നെല്ലാനി ചാലിൽ തുടങ്ങിയ ക്ലബ്ബുകളും സജീവമായി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!