
newsdesk
തിരുവമ്പാടി∙ തുരങ്കപ്പാത നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ മറിപ്പുഴയിലും കുണ്ടൻതോട് പ്രദേശത്തും പുരോഗമിക്കുന്നു. മറിപ്പുഴയുടെ നടുവിൽ പൈപ്പ് സ്ഥാപിച്ച് താൽക്കാലിക ചപ്പാത്ത് നേരത്തേ നിർമിച്ചിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ഉണ്ടായ കനത്തമഴയിൽ പൈപ്പിനു മുകളിൽ സ്ഥാപിച്ച മണ്ണും കല്ലും ഒഴുകിപ്പോയി. പുഴയിലേക്ക് താൽക്കാലികമായി നിർമിച്ച റോഡിന് സമീപം പുഴയുടെ ഒരു വശത്തായി മറ്റൊരു ചപ്പാത്ത് കൂടി നിർമിക്കാൻ ഇന്നലെ ഒരുക്കം തുടങ്ങി.
ഇവിടെ പൈപ്പുകൾ സ്ഥാപിച്ച് മുകളിൽ കല്ലും മണ്ണും ഇട്ട് താൽക്കാലിക ചപ്പാത്ത് നിർമിക്കുകയാണ്.തുരങ്ക മുഖത്തും പരിസരങ്ങളിലും കഴിഞ്ഞ ദിവസം പൈലിങ് നടത്തി മണ്ണിന്റെ ഘടന പരിശോധന തുടരുകയാണ്. തുരങ്കപ്പാതയ്ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലം കൂടാതെ ലീസിന് എടുത്ത സ്ഥലവും നിരപ്പാക്കി ലേബർ ക്യാംപുകളും ക്രഷർ യൂണിറ്റും സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ജീവനക്കാർക്ക് താമസിക്കാനുള്ള റെഡിമെയ്ഡ് കണ്ടെയ്നർ ഹൗസുകൾ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു തുടങ്ങി.