
newsdesk
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തും. അഞ്ച്, മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 15 മുതല്‍ 23 വരെ പരീക്ഷ നടത്തും. ഒന്ന് മുതല്‍ നാലു വരെയുള്ള കുട്ടികള്‍ക്ക് 17 മുതല്‍ 23 വരെയാണ് പരീക്ഷ നടത്തുന്നത്.
ഡിസംബർ 23 ന് പരീക്ഷ കഴിഞ്ഞു 24ന് സ്കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടർ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്കേണ്ടതിനാല് പരീക്ഷ ഡിസംബർ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്തും.
ഡിസംബര്‍ 9, 11 തീയതികളിലാണ് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണും. മിക്കയിടത്തും വോട്ടെടുപ്പ് നടക്കുന്നത് സ്കൂളുകളിലാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് സമയത്ത് പരീക്ഷ നടത്തുന്നത് അപ്രായോഗികമാണ്. ഇതും കൂടി കണക്കിലെടുത്താണ് പരീക്ഷ പുനഃക്രമീകരിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. വോട്ടെണ്ണലിന് ശേഷമുള്ള തൊട്ടടുത്ത പ്രവൃത്തി ദിനം കണക്കാക്കിയാണ് 15ന് പരീക്ഷ ആരംഭിക്കാന്‍ തീരുമാനിച്ചത്.