
Web Desk
മാമ്പറ്റ കാർത്തിക കല്ല്യാണ മണ്ഡപത്തിൽ നടന്ന ലളിതമായ ചടങ്ങിലാണ് തിരുവമ്പാടി എം.എൽ.എ ലിൻേറാ ജോസഫ് വിവാഹിതനായത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം ചടങ്ങിൽ കുറഞ്ഞ ആളുകൾ മാത്രമാണ് പങ്കെടുത്തത്. പാർട്ടി പ്രവർത്തകരെയും ബന്ധുക്കളെയും സുഹൃത്തുക്കളേയും സാക്ഷിയാക്കി ലിന്റോ എം.എല്‍.എ അനുഷയ്ക്ക് മിന്നുചാർത്തി. മുദ്രാവാക്യം വിളികളോടെ പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും വിവാഹം ആഘോഷമാക്കി.

വർഷങ്ങൾക്ക് മുൻപ്, ലിന്റോ ജോസഫ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് എസ്.എഫ്.ഐ തിരുവമ്പാടി ഏരിയ കമ്മിയംഗമായിരുന്ന അനുഷയെ പരിചയപ്പെടുന്നത്. മണാശ്ശേരി എം.എ.എം.ഒ കോളേജിൽ എം.എസ്.സി മാക്‌സിനു പഠിക്കുകയായിരുന്നു അനുഷ. പിന്നീട്, എസ്.എഫ്.ഐ യുടെ സമരമുഖത്തും പഠന ക്ലാസുകളിലും ഒരുമിച്ച് പങ്കെടുത്തപ്പോൾ പരിചയം പ്രണയമായി മാറുകയും അത് വിവാഹത്തിൽ എത്തുകയുമായിരുന്നു.
ഊന്നുവടിയിലാണ് ലിൻേറാ ജോസഫ് വിവാഹ ചടങ്ങിനെത്തിയത്. പ്രളയകാലത്ത് കൂമ്പാറ മാങ്കുന്ന് കോളനിയിലെ കാൻസർ രോഗിയുമായി ആംബുലൻസിൽ ആശുപത്രിയിലേക്ക് കുതിക്കുന്നതിയുണ്ടായ അപകടമാണ് ലിന്റോ ജോസഫിനെ ഊന്നുവടിയിലാക്കിയത്. അപ്പോഴും ലിന്റോയെ മറക്കാൻ അനുഷ തയ്യാറായില്ല.വലതുകാലിന് ഗുരുതരമായി പരിക്കേറ്റ ലിന്റോ ഇപ്പോഴും ചികിത്സ തുടരുകയാണ്.
ഒരു കാലിന് സ്വാധീനം നഷ്ടമായപ്പോഴും സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ലിന്റോ. ഈ തീരുമാനമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലിന്റോ ജോസഫിനെ തിരുവമ്പാടിയിൽ മത്സരിപ്പിക്കാൻ ഇടതുമുന്നണിക്ക് പ്രചോദനമായത്. നാലായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലിന്റോ ജോസഫ് വിജയിച്ചത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ കൂടിയായ ലിന്റോ കൂടരഞ്ഞി പാലക്കൽ ജോസഫിന്റേയും അന്നമ്മയുടേയും മകനാണ്. മുക്കം കച്ചേരി കുടുക്കേങ്ങൽ രാജന്റേയും ലതയുടേയും മകളാണ് വധുയായ അനുഷ. മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം.എൽ.എമാരായ സച്ചിൻ ദേവ്, പി.ടി.എ റഹീം, തോട്ടത്തിൽ രവീന്ദ്രൻ, ശാന്തകുമാരി, പി.വി അൻവർ, പി.കെ ബഷീർ, എം.വിജിൻ, കെ.വി സുമേഷ്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ , സി . പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ്, ജില്ലാ കമ്മിറ്റി അം രമേശ് ബാബു, ഏരിയ സെക്രട്ടറി ടി വിശ്വനാഥൻ , എൽ ജെ ഡി സംസ്ഥാന വൈസ് പ്രസിഡൻറ് വി. കുഞ്ഞാലി, മുൻ കെപിസിസി സെക്രട്ടറി എൻ കെ അബ്ദുറഹ്മാൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.