കുരുമുളക് മോഷണം; പ്രതികളെ വയനാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

NEWSDESK

മാനന്തവാടി: മാനന്തവാടി തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കടകളില്‍ കയറി കുരുമുളക് മോഷണം നടത്തിയ വാണിമേല്‍ സ്വദേശികളായ മോഷ്ടാക്കളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വാണിമേല്‍ കൊടിയൂറ സ്വദേശികളായ കൊയിലോത്തുംകര വീട്ടില്‍ ഇസ്മയില്‍ (38) ഉടുക്കോന്റവിട വീട്ടില്‍ മുഹമ്മദ് സുഹൈല്‍(24), പാറേമ്മല്‍വീട്ടില്‍ അജ്മല്‍ (28) എന്നിവരെയാണ് തെളിവെടുപ്പിനായ് കസ്റ്റഡിയില്‍ വാങ്ങിയത്.

തൊണ്ടര്‍നാട് മക്കിയാട് കാഞ്ഞിരങ്ങാട്ടുള്ള മലഞ്ചരക്ക് കട കുത്തി തുറന്ന് 9 ചാക്ക് കുരുമുളകും തേറ്റമലയിലെ അനാദിക്കടകള്‍ കുത്തി തുറന്ന് പണവും സിഗരറ്റും തേറ്റമല കുരിശുപള്ളിയുടെ ഭണ്ഡാരവും അപഹരിച്ച കേസിലാണ് തെളിവെടുപ്പ് നടന്നത്. അഞ്ചിടങ്ങളിലായാണ് ഒറ്റ ദിവസം കൊണ്ട് ഇവര്‍ മോഷണം നടത്തിയിരുന്നത്.

കോഴിക്കോട് വയനാട് ജില്ലകളിലായി സമാന രീതിയില്‍ നിരവധി കേസുകള്‍ ഇവര്‍ക്കെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു. ബൈക്കിലെത്തി മോഷണം നടത്തിയ പ്രതികളെ തൊണ്ടര്‍നാട് പോലീസ് അന്വേഷണത്തിനൊടുവില്‍ തിരിച്ചറിയുകയായിരുന്നു. ഇതിനായി 50 ഓളം സിസിടിവി ക്യാമറകള്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസം വളയം പോലീസാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ നിന്നും തൊണ്ടര്‍നാട് പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

error: Content is protected !!