
NEWSDESK
കൊച്ചി∙ കുസാറ്റ് അപകടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ഥിനികളുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇരുവരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വിദ്യാര്‍ഥികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ സൈക്കോ സോഷ്യല്‍ ടീമിന്റെ സേവനം ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
അപകടത്തില്‍ പരുക്കേറ്റ് 17 പേരാണു ചികിത്സയിലുള്ളത്. അതേസമയം, തിക്കിലും തിരക്കിലും ചവിട്ടേറ്റു ശ്വാസംമുട്ടിയും ആന്തരികാവയവങ്ങൾ തകർന്നുമാണ് 4 പേരുടെയും മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമികനിഗമനം. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്. ആരെയും പ്രതിചേർത്തിട്ടില്ല.
ശനിയാഴ്ച, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടാണ് മൂന്നു വിദ്യാർഥികള്‍ ഉൾപ്പെടെ നാലു പേർ മരിച്ചത്. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്ക് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കയറാനെത്തിയവരാണു തിക്കിലും തിരക്കിലുംപെട്ടത്.