പിറന്നാൾ ദിനത്തിൽ വിജയ്‍യുടെ ‘ബീസ്റ്റ്’ ഫസ്റ്റ് ലുക്ക്; ഒപ്പം ഷൈൻ ടോം ചാക്കോയും

Entertainment Desk

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് ഇന്ന് തന്‍റെ 47-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തിന് തലേന്ന് തന്നെ അദ്ദേഹം നായകനാകുന്ന പുതിയ ചിത്രം ‘ബീസ്റ്റി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവർത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സെക്കൻഡ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരിക്കുകയാണ്.

നെല്‍സണ്‍ ദിലീപ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വിജയ്‍യുടെ 65-ാമത് സിനിമയായാണ് ഒരുങ്ങുന്നത്.ടെലിസ്കോപ്പിക് ഷോട്ട്ഗണ്ണും പിടിച്ചുകൊണ്ടാണ് വിജയ് പോസ്റ്ററിലുള്ളത്. സൺ പിക്ചേഴ്സിന്‍റെ ബാനറിൽ കലാനിധി മാരൻ നിര്‍മ്മിക്കുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായെത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം ഷൈന്‍ ടോം ചാാക്കോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.വിജയ്‍യോടൊപ്പം അഭിനയിക്കാനായതിൽ ഏറെ സന്തോഷവാനാണെന്ന് കുറിച്ചുകൊണ്ട് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഷൈൻ ടോമും ബീസ്റ്റ് പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ദളപതി 65 എന്ന് ആദ്യം നാമകരണം ചെയ്തിരുന്ന ചിത്രം ഈ വര്‍ഷം മാര്‍ച്ചിലാണ് ഷൂട്ട് ആരംഭിച്ചിരുന്നത്. ചെന്നൈയിലും ജോര്‍ജ്ജിയയിലും ഷൂട്ട് നടന്നിരുന്നു. കൊവിഡ് 19 രണ്ടാം തരംഗം വന്നതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു.

സൺ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന വിജയ്‍യുടെ നാലാമത്തെ ചിത്രമാണ് ബീസ്റ്റ്. വേട്ടൈക്കാരൻ, സുറ, സർക്കാർ എന്നീ ചിത്രങ്ങള്‍ മുമ്പ് ഇവർ നിര്‍മ്മിച്ചിട്ടുണ്ട്. തീയേറ്ററുകളിലും ഒടിടിയിലും തരംഗമായി മാറിയ മാസ്റ്ററിന് ശേഷം വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ കൂടിയാണ് ബീസ്റ്റ്.

error: Content is protected !!