NEWSDESK
കാസർകോട്: മേല്പറമ്പ് അരമങ്ങാനത്ത് ഭർതൃമതിയും മകളും കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ സുഹൃത്തായ അദ്ധ്യാപകൻ അറസ്റ്റിൽ. എരോൽ ജുമാ മസ്ജിദിന് സമീപത്തെ സഫ്വാൻ ആദൂർ (29) ആണ് അറസ്റ്റിലായത്. തെളിവുകൾ നശിപ്പിച്ചതും ആത്മഹത്യ പ്രേരണ കുറ്റവുമാണ് ഇയാൾക്കെതിരെ ചുമത്തിയത്.
കഴിഞ്ഞ സെപ്തംബർ 15 നാണ് സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപിക റുബീനയെയും അഞ്ചര വയസുള്ള മകൾ ഹനാന മറിയത്തിനെയും അരമങ്ങാനത്തെ വീട്ടിൽ നിന്നും പുലർച്ചെ മുതൽ കാണാതായത്. അന്വേഷണം നടത്തവെ യുവതിയുടെയും മകളുടെയും മൃതദേഹം തൊട്ടടുത്ത കിണറിൽ നിന്നും ഫയർഫോഴ്സിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. മരണവുമായി ബന്ധപ്പെട്ട് പ്രവാസിയായ ഭർത്താവ് പരാതി നൽകുകയായിരുന്നു.യുവതിയും അദ്ധ്യാപകനും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ആ ബന്ധം അവസാനിപ്പിച്ച് യുവാവ് വേറൊരു സ്ത്രീയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായതായും പൊലീസ് പറയുന്നു. രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചതിൽ പരസ്പരമുള്ള ചാറ്റിംഗുകൾ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു.മൊഴി എടുക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച അദ്ധ്യാപകനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനും അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോസ്ദുർഗ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.