
Web Desk
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകിയ കേരളത്തിന്റെ നടപടിക്കെതിരെ സുപ്രീം കോടതി. സമ്മർദങ്ങൾക്ക് വഴങ്ങിയുള്ള കോവിഡ് ഇളവുകൾ പരിതാപകരമെന്ന് സുപ്രീം കോടതി പറഞ്ഞു. വ്യാപാര സംഘടനകൾ ആവശ്യപ്പെട്ടതു കൊണ്ടാണ് ഇളവ് അനുവദിച്ചതെന്ന സർക്കാരിന്റെ വാദത്തിനു പിന്നാലെയാണ് കോടതിയുടെ വിമർശനം.
ഇളവുകൾ രോഗവ്യാപനത്തിനു കാരണമായാൽ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവു നൽകിയ കേരളത്തിന്റെ നടപടിക്കെതിരായ ഹർജിയാണ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. സമ്മർദശക്തികളെ മൗലികാവകാശം സംരക്ഷിക്കുന്നതിൽ ഇടപെടാൻ അനുവദിക്കരുത്. കാറ്റഗറി ഡിയിൽ ഉൾപ്പെടെ നൽകിയ ഇളവുകൾ ഭീതിപ്പെടുത്തുന്നതാണ്. യുപിയിലെ കൻവർ യാത്രാ കേസിലെ നിർദേശങ്ങൾ കേരളത്തിനും ബാധകമാണെന്നും കോടതി പറഞ്ഞു.
രാജ്യം അടിയന്തരാവസ്ഥ നേരിടുമ്പോൾ, ഇളവുകൾ നൽകി സർക്കാർ ആളുകളുടെ ജീവൻ വച്ചു കളിക്കുകയാണെന്ന് ആരോപിച്ച് മലയാളിയും ഡൽഹി വ്യവസായിയുമായ പി.കെ.ഡി.നമ്പ്യാരാണു സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്നലെ തന്നെ വിശദീകരണം നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.ജനം അസ്വസ്ഥരാണെന്നും ലോക്ഡൗൺ അനന്തമായി നീട്ടാനാകില്ലെന്നുമാണ് സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയിൽ നൽകിയ വിശദീകരണം. നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. പ്രതിപക്ഷ പാർട്ടികളും വ്യാപാര സംഘടനകളുമെല്ലാം ആവശ്യപ്പെട്ടതു കൊണ്ടാണ് ബക്രീദിന് മുൻപുള്ള മൂന്നു ദിവസങ്ങളിൽ ഇളവ് അനുവദിച്ചതെന്നും സംസ്ഥാന സര്ക്കാര് കോടതിയെ അറിയിച്ചിരുന്നു.