ആറുവയസുകാരി പീഡനത്തിനിരയായത് മൂന്ന് വർഷം; പ്രതി അശ്ലീല വിഡിയോകൾക്ക് അടിമ

News Desk

ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരിയെ മൂന്നു വര്‍ഷമായി പീഡിപ്പിച്ചിരുന്നു എന്ന് പ്രതി അര്‍ജുന്‍ പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതി അര്‍ജുനെയും കൊണ്ട് പൊലീസ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ കുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.

അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടി നിരന്തരം ലൈംഗികമായി ചൂഷണത്തിന് വിധേയയായിട്ടുണ്ട് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായ 22 കാരന്‍. കുട്ടിയുടെ വീട്ടില്‍ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കള്‍ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു ചൂഷണമെന്ന് പൊലീസ് പറഞ്ഞു.

വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് സ്വദേശികളുടെ മകളാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരി. കഴിഞ്ഞ മാസം 30ന് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 30ന് അർജുൻ വീട്ടിൽ എത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി കരഞ്ഞു.

ഇതേത്തുടർന്ന് പെൺകുട്ടിയുടെ വായപൊത്തി. ഇതിനിടെ പെൺകുട്ടി ബോധരഹിതയായി വീണു. അനക്കമറ്റു കിടന്ന കുട്ടി മരിച്ചു എന്ന് കരുതിയ ഇയാൾ മുറിക്കുള്ളിലെ കയറിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മുറിയുടെ വാതിൽ അകത്തുനിന്നും അടച്ചശേഷം ജനൽവഴി പുറത്തിറങ്ങി. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങി മരിച്ചു എന്നു വരുത്തിതീർക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. കുട്ടിയുടെ മരണം വിവരം പുറത്തു വന്നതോടെ ഇയാൾ പൊട്ടിക്കരയുകയും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ഇയാൾ അശ്ലീല വിഡിയോകൾക്ക് അടിമയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

error: Content is protected !!