വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ സി ഐ മരിച്ച നിലയിൽ

കൊച്ചി: സിഐയെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്റ്റേഷനിലെ മുൻ സിഐ സൈജു എ വിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. വനിതാ ഡോക്‌ടറെ ബലാത്സഗം ചെയ്ത കേസിലെ പ്രതിയാണ്. കൊച്ചി അംബേ‌ദ്‌കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ബലാത്സംഗ കേസിൽ വ്യാജരേഖകൾ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് അറസ്റ്റിനായി ക്രൈംബ്രാഞ്ച് നീക്കം തുടങ്ങിയതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്തഡ‌ോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് സൈജു. ഇടത് അനുകൂല പൊലീസ് സംഘടനാ നേതാവായ സൈജുവിനെ പിരിച്ചുവിടാതെ സർക്കാരിൽ സ്വാധീനമുള്ള ഒരു എഡിജിപി സംരക്ഷിക്കുകയാണെന്ന് ആക്ഷേപമുയർന്നിരുന്നു. പൊലീസ് ഓഫീസേഴ്‌‌സ് അസോസിയേഷൻ ജില്ലാ നേതാവായിരുന്നു സൈജു.സൈജു രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയാണ്. മലയിൻകീഴ് ഇൻസ്‌പെക്‌ടറായിരിക്കെയാണ് സൈജുവിനെതിരെ ഒരു വനിതാ ഡോക്‌ടറും അദ്ധ്യാപികയും പരാതി നൽകിയത്. പരാതി നൽകാനെത്തിയ ഡോക്‌ടറെ സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഈ കേസിൽ ജാമ്യം ലഭിക്കുന്നതിനായി പൊലീസ് രജിസ്റ്ററിൽ സൈജു കൃത്രിമം കാണിച്ചെന്ന് പിന്നീട് കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് ജാമ്യം റദ്ദാക്കിയത്.കുടുംബ സുഹൃത്തായ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു. അദ്ധ്യാപികയെ സൈജു ട്യൂഷൻ പഠിപ്പിച്ചിരുന്നു. ഈ പരിചയം മുതലെടുത്ത് പല സ്ഥലങ്ങളിലും എത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

error: Content is protected !!