ലോറിയിൽ മകനായി വാങ്ങിയ അവസാന സമ്മാനം; അർജുന്റെ ഫോണുകളും ബാഗും കണ്ടെത്തി: കണ്ണുനനയിക്കും കാഴ്ചകൾ

ഷിരൂർ (കർണാടക)∙ ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ അർജുന്റെ ലോറിയുടെ ക്യാബിനിൽ നിന്ന് അർജുന്റെ രണ്ടുഫോണുകൾ കണ്ടെത്തി. അർജുൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, ബാഗ്, വാച്ച്, മകനുവാങ്ങിയ കളിപ്പാട്ടം എന്നിവയും കണ്ടെടുത്തു. പുഴയിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ അർജുന്റെ ലോറി ഇന്ന് പൊളിച്ച് പരിശോധിക്കുന്നതിനിടയിലാണ് അർജുൻ അവസാന സമയത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ കണ്ടെത്തിയത്. .ലോറിയുടെ ക്യാബിനിൽ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിന് വേണ്ടിയാണ് ലോറി പൊളിച്ച് പരിശോധിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ലോറിയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങളുടെ 75 ശതമാനമാണ് പുറത്തെടുത്തത് എന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചിരുന്നു.

അർജുൻ അവസാന സമയത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ ലഭിക്കുകയാണെങ്കിൽ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നതായി അധികൃതരെ അറിയിച്ചതായി അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞിരുന്നു. അർജുന്റെ ഭാര്യ ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടിരുന്നതായും ജിതിൻ വെളിപ്പെടുത്തി.

error: Content is protected !!