ഷഹബാസ് വധക്കേസ്: എംഎസ്എഫ്, കെഎസ്‌യു പ്രതിഷേധത്തിനിടെ കുറ്റാരോപിതർക്ക് പ്ലസ് വൺ പ്രവേശനം പൊലീസ് കാവലിൽ

താമരശ്ശേരി ∙ ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ 3 വിദ്യാർഥികൾ എംഎസ്എഫ്, കെഎസ്‌യു പ്രതിഷേധത്തിനിടെ വൻ പൊലീസ് സന്നാഹത്തിന്റെ കാവലിൽ താമരശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനം നേടി. ഒരാൾ കുറ്റിച്ചിറ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലും രണ്ടാമത്തെ വിദ്യാർഥി സെന്റ് ജോസഫ് എച്ച്എസിലുമാണ് എത്തിയത്.

കുറ്റാരോപിതരായ വിദ്യാർഥികൾക്ക് താമരശ്ശേരിയിൽ പ്ലസ് വൺ
പ്രവേശനം നൽകുന്നത് തടയാനെത്തിയ എംഎസ്എഫ് പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുന്നു.
കുറ്റാരോപിതരായ വിദ്യാർഥികൾക്ക് താമരശ്ശേരിയിൽ പ്ലസ് വൺ പ്രവേശനം നൽകുന്നത് തടയാനെത്തിയ എംഎസ്എഫ് പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുന്നു.
താമരശ്ശേരിയിൽ ഡിവൈഎസ്പി കെ.സുശീർ, താമരശ്ശേരി ഇൻസ്പെക്ടർ എ.സായൂജ് കുമാർ, തിരുവമ്പാടി ഇൻസ്‌പെക്ടർ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. വിദ്യാർഥികൾ എത്തുന്നതിനു മുൻപുതന്നെ എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാർഥികൾ എത്തിയപ്പോഴാണ് കെഎസ്‌യു– യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നത്.

കെഎസ്‌യു– യൂത്ത് കോൺഗ്രസ് നേതാക്കളായ ടി.ടി.അഭിനന്ദ്, എം.പി.സി.ജംഷിദ്, എ.പി.അഷ്കർ, ഒ.പി.നിസാമുദ്ദീൻ, മിവ ജോളി, റിഷാം ചുങ്കം, എ.മുഹമ്മദ് റഫീഖ്, എംഎസ്എഫ് നേതാക്കളായ കെ.കെ.മുഹമ്മദ് സിനാൻ, മുഹമ്മദ് തസ്‌ലിം, ആഷിഖ് ഫുഹാദ്, മുഹമ്മദ് മിൻഹാജ്, ആർഷിദ്, മുഹമ്മദ് സിനാൻ പറമ്പത്ത്കാവ് എന്നിവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ നിന്ന് നോട്ടിസ് നൽകി വിട്ടയച്ചു.കോഴിക്കോട് ടൗൺ ഇൻസ്പെക്ടർ പി.ജിതേഷ്, എസ്ഐ സി.എസ്.ശ്രീസിത എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിലെ സ്കൂൾ പരിസരത്തും പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!