പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: മന്ത്രി വീണ ജോര്‍ജിൻ്റെ വസതിക്ക് മുന്നില്‍ സത്യാഗ്രഹമിരിക്കാൻ ഒരുങ്ങി താമരശ്ശേരി സ്വദേശിനി ഹര്‍ഷിന

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന. സംഭവത്തിൽ നഷ്ട്ട പരിഹാരം ലഭിക്കാത്തതിനെ തുടർന്നാണ് സമരം. ആരോഗ്യ മന്ത്രി വീണ ജോര്‍ജിൻ്റെ വസതിക്ക് മുന്നില്‍ സമരം സംഘടിപ്പിക്കാനാണ് തീരുമാനം.

ഇന്നലെ കോഴിക്കോട് ചേർന്ന സമരസമിതി യോഗത്തിലാണ് ഈ മാസം 28ന് സമരം ആരംഭിക്കാൻ തീരുമാനമുണ്ടായത്. . നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെയാണ് സമരമെന്ന് ഹർഷിന പറഞ്ഞു.

2017 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറില്‍ കത്രിക കുടുങ്ങുന്നത്. 2022 ല്‍ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ഹർഷിനക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടായത്. അന്വേഷണങ്ങളില്‍ ഈ കാര്യങ്ങൾ വ്യക്തമായിട്ടും നഷ്ടപരിഹാരം നല്‍കാൻ സര്‍ക്കാര്‍ തയാറാകുന്നില്ല. ഡോക്ടർമാർക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ നല്‍കുകയും ചെയ്തു. ഇത് പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങള്‍ ഉന്നയിച്ചാണ് വീണ്ടും സമരത്തിനിറങ്ങാനുള്ള തീരുമാനം.

ഹർഷിന നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് ഡോക്ടർമാരെയും നഴ്സുമാരെയും പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടർമാരുടെ അപ്പീലില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിന നല്‍കിയ ഹർജിയിലും തീരുമാനമായിട്ടില്ല. നീതി നിഷേധം തുടർന്നാല്‍ തുടർസമരങ്ങളുമായി മുന്നോട്ടുപോകാനാണ് ഹർഷിനയുടെയും സമര സമിതിയുടെയും തീരുമാനം. നേരത്തെ 104 ദിവസം തുടർച്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നിലും ഹർഷിന സമരം നടത്തിയിരുന്നു.

error: Content is protected !!