newsdesk
കോഴിക്കോട്∙ കളൻതോട് കൂളിമാട് റോഡിലെ യാത്ര ദുരിതം സംബന്ധിച്ച് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യു.ഡി.എഫ് അംഗം അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചില്ല. പ്രമേയം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഭരണസമിതി യോഗത്തിൽ നിന്ന് യു.ഡി.എഫ് മെമ്പർമാർ ഇറങ്ങിപ്പോയി. കെട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ പരിപാടിയും, പ്രകടനവും നടത്തി. 2018 ൽ ആരംഭിച്ച കളൻതോട് കൂളിമാട് റോഡിന്റെ പ്രവർത്തിയുടെ മന്ദഗതിക്കും കളൻതോട് മുതൽ 600 മീറ്റർ പ്രവർത്തി നിർത്തി വെച്ചതിനെതിരെയും സർക്കാർ പൊതുമരാമത്ത് വകുപ്പും മന്ത്രിയും ഇടപെടണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ, സർക്കാറിനും പൊതുമരാമത്ത് വകുപ്പിനും പ്രമേയം നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ യു.ഡി.എഫ് മെമ്പർമാർ യോഗത്തിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു. വേനൽക്കാലത്ത് പൊടിശല്യമായിരുന്നെങ്കിൽ മഴക്കാലം വന്നതോടെ റോഡ് ചെളിക്കുളമായ അവസ്ഥയാണ്.
കെഎസ്ഇബി പോസ്റ്റ് മാറ്റി കൊടുക്കാത്തതിലും, ജൽ ജീവൻ പദ്ധതിയിലെ പൈപ്പ് ഇടുന്നതിലുമുള്ള കാലതാമസമാണ് ഈ പ്രദേശത്തെ പ്രവർത്തി നിർത്തിവെക്കാൻ കാരണം. എന്നാൽ, കെഎസ്ഇബിക്ക് ഇതിന് ആവശ്യമായ നടപടികൾ നൽകാത്തതിനാലാണ് പോസ്റ്റ് മാറ്റാത്തത് എന്നതാണ് ഇവരുടെ വാദം. വകുപ്പുകളുടെ എകോപനമില്ലായ്മ കാരണം ജനങ്ങളാണ് ഇതിൽ പ്രയാസപ്പെടുന്നത്. റോഡിലെ പല ഭാഗങ്ങളിലും വലിയ രൂപത്തിലുള്ള മഴ വെള്ള കെട്ടുകളാണ് രൂപപ്പെടുന്നത്. ഇത് കാൽനടയാത്രക്കാർക്കും ചെറുകിട വാഹനങ്ങൾക്കും ഒരു പോലെ പ്രയാസകരമാണ്. എം.എൽ.എ യും, പഞ്ചായത്ത് ഭരണസമിതിയും ഇതിൽ ഒരു തരത്തിലുള്ള ഇടപെടലുo നടത്തുന്നില്ല. ഇനിയും പ്രവർത്തി മന്ദഗതിയിൽ മുന്നോട്ട് പോയാൽ പൊതുജനങ്ങളെ ഉൾപ്പെടുത്തി ബഹുജന പ്രക്ഷോഭങ്ങൾക്ക് മെമ്പർമാർ നേതൃത്വം നൽകുമെന്നും മെമ്പർമാർ പറഞ്ഞു പ്രതിഷേധത്തിന് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.ടി.എ റഹ്മാൻ,എം.കെ അജീഷ്,പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, ശിവദാസൻ ബംഗ്ലാവിൽ, റഫീഖ് കൂളിമാട്, ഇ.പി വൽസല, വിശ്വൻ വെള്ളലശ്ശേരി,ഫസീല സലീം തുടങ്ങിയവർ നേതൃത്വം നൽകി