താമരശ്ശേരിയിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ വിട്ടയച്ചു; ഇറക്കിവിട്ടത് വൈത്തിരിയിലെ കടയുടെ സമീപം

താമരശ്ശേരിയില്‍നിന്നു തട്ടിക്കൊണ്ടുപോയ ഹര്‍ഷാദിനെ വയനാട് വൈത്തിരിയില്‍ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്കു സമീപം യുവാവിനെ ഇറക്കിവിടുകയായിരുന്നു. രാത്രി 8.45ഓടെ ഹർഷാദ് തട്ടിക്കൊണ്ടുപോയവർ തന്നെ വൈത്തിരിയിൽ ഇറക്കിവിട്ടെന്ന് ഉപ്പയെ ഫോണിലൂടെ അറിയിച്ചു. സമീപത്തെ കടയിൽ കയറി ഫോൺ വാങ്ങിയാണ് ഹര്‍ഷാദ് വിളിച്ചതെന്നും പിന്നാലെ അടിവാരത്തേക്ക് ബസിൽ യാത്ര തിരിച്ചുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഹര്‍ഷാദ് വിളിച്ച വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.

ഹര്‍ഷാദിനെ ശനിയാഴ്ചയാണു കാണാതായത്. താമരശ്ശേരിയിലെ ഭാര്യവീട്ടിലെത്തിയ ഹര്‍ഷാദ് ഫോൺകോൾ വന്നതിനു പിന്നാലെ വീടിനു പുറത്തേക്കു പോയി. പിന്നീട് തിരിച്ചെത്തിയില്ല. ഞായറാഴ്ച ഹര്‍ഷാദിനെ കാണാനില്ലെന്നു ഭാര്യ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ഹര്‍ഷാദിനെ വിട്ടയയ്ക്കണമങ്കില്‍ 10 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ക്ക് ഫോൺ വന്നു. തന്നെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയയ്ക്കാന്‍ പണം നൽകണമെന്നും ഹര്‍ഷാദ് അറിയിച്ചു.

ഫോണില്‍ സംസാരിച്ച മറ്റൊരാളും 10 ലക്ഷം നല്‍കണമെന്ന് ആവശ്യപ്പെട്ടു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വന്നകാര്യം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഹര്‍ഷാദിന്റെ കാര്‍ പൊലീസ് കണ്ടെത്തി. കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നു കരുതുന്നു.

error: Content is protected !!