
News Desk
കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി. കൊല്ലം ചവറ സ്വദേശി സജികുട്ടനാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജൂണ്‍ മൂന്നിന് രാത്രിയായിരുന്നു സംഭവം. അബോധാവസ്ഥസ്ഥയിലായ കൊവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിന് ഇടയിലാണ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.
തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ആംബുലന്‍സില്‍ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുമ്പോഴാണ് സംഭവം.പഞ്ചായത്തിനു വേണ്ടി കരാറടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന തെക്കുംഭാഗത്തെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് ആണ് ഇത്. ആശുപത്രിയില്‍ സഹായിയായി നില്ക്കാന് സ്ത്രീകളാരെങ്കിലും വേണമെന്നു സജിക്കുട്ടന്‍ പറഞ്ഞതനുസരിച്ചാണ് യുവതി കൂടി ആംബുലന്‍സില്‍ കയറിയത്.
കയ്യുറ എടുക്കുന്നതിനായി യാത്രയ്ക്കിടെ തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കയറിയ ഇയാള്‍ തിരികെയെത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. എന്നാല്‍ മറ്റൊരു വാഹനം കടന്നുപോയതോടെ പീഡനശ്രമം ഉപേക്ഷിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു.