NEWSDESK
തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 221986 വോട്ടുകളാണ് രാഹുൽ നേടിയത്. 168588 വോട്ടുകൾ നേടി അബിൻ വർക്കി രണ്ടാം സ്ഥാനത്തെത്തി. അരിത ബാബുവാണ് മൂന്നാം സ്ഥാനത്ത്. 31930 വോട്ടുകൾ തേടി.
അബിൻ, അരിത ബാബു എന്നിവരടക്കം 10 പേർ വൈസ് പ്രസിഡന്റുമാരാകും. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ 7,29,626 വോട്ടുകളാണ് പോള്‍ ചെയ്തത്. തിരഞ്ഞെടുപ്പു നടന്നു രണ്ടുമാസങ്ങൾക്കു ശേഷമാണു ഫലം വരുന്നത്.
വ്യക്തിപരമായ ഉത്തരവാദിത്തവും സംഘടനാബോധവും കൂട്ടുനിന്ന വിജയമാണിതെന്നും ഫലമറിയാൻ ഉമ്മൻ ചാണ്ടി ഇല്ലയെന്നത് സങ്കടമെന്നും വിജയത്തിനുപിന്നാലെ രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പു പോരാട്ടം നേതാക്കൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി അംഗവുമാണ് രാഹുൽ. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയും എൻഎസ്‌യു ദേശീയ സെക്രട്ടറിയും ആയിരുന്നു. ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്ന് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടി. എംജി യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുന്നു. പത്തനംതിട്ട അടൂർ സ്വദേശിയാണ്.