
Web Desk
കോട്ടയം നട്ടാശേരിയിൽ സിൽവർ ലൈൻ കല്ലിടൽ ആരംഭിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കുഴിയാലിപ്പടിയിലാണ് സമരക്കാർ പ്രതിഷേധവുമായെത്തിയത്. സർവേ കല്ലുകളുമായെത്തിയ വാഹനം സമരക്കാർ തടഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം മുരുക്കുംപുഴ കോഴിമടയിലും ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധം നടക്കുകയാണ്.പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നട്ടാശേരിയിൽ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. കുഴിയാലിപ്പടിയിൽ കണ്ണീർ വാതകം ഉൾപ്പടെയുള്ളവ എത്തിച്ചിട്ടുണ്ട്. ചോറ്റാനിക്കരയിൽ സമരസമിതിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ സമരപ്പന്തലുകൾ തയ്യാറാക്കിയിട്ടുണ്ട്.
കോട്ടയം നട്ടാശേരിയിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത നൂറു പേർക്കെതിരെയും കളക്ടറേറ്റിൽ നടന്ന സമരത്തിൽ പങ്കെടുത്ത 75 പേർക്കെതിരെയും പൊലീസ് കേസെടുത്തു. ദൃശ്യങ്ങളിൽ നിന്ന് 20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.