
newsdesk
ന്യൂഡല്‍ഹി: കർഷകർക്കുള്ള കേന്ദ്ര സഹായധന പദ്ധതിയായ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 19-ാം ഗഡു അനുവദിച്ചു. 9.8 കോടി കര്‍ഷകര്‍ക്കായി 22,000 കോടി രൂപയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയത്. ബിഹാറിലെ ഭഗല്‍പൂരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുക അനുവദിച്ചതായുള്ള പ്രഖ്യാപനം നടത്തിയത്.
കര്‍ഷക സമൂഹത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആവിഷ്കരിച്ചത്. അർഹരായ ഗുണഭോക്തൃ കർഷകർക്ക് പ്രതിവർഷം 6000 രൂപ സാമ്പത്തിക ആനുകൂല്യം നൽകുന്നു. ഫണ്ട് നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നു.
19-ാം ഗഡു കൂടി നല്‍കിയതോടെ പിഎം കിസാന്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ കൈമാറിയ മൊത്തം തുക 3.68 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. രണ്ട് ഏക്കറിൽ കവിയാത്ത കൃഷിഭൂമിയുള്ള ചെറുകിട കർഷകർക്കായി ഭാരത സർക്കാർ നടപ്പിലാകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. വർഷം മൂന്നു ഗഡുക്കളായി ആറായിരം രൂപ കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നൽകുവാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് ഏകദേശം 75000 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2019 ഫെബ്രുവരി ഒന്നിലെ കേന്ദ്ര ഇടക്കാല ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ ഉദ്ഘാടനം 2019 ഫെബ്രുവരി 24ന് ഗൊരഖ്പൂരിൽ കർഷകർക്ക് ആദ്യ ഗഡു തുക ഡിജിറ്റൽ മാർഗ്ഗം വഴി കൈമാറിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർവഹിച്ചത്.