
Report: Web Desk
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു.94 വയസ്സായിരുന്നു.തിങ്കളാഴ്ച തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എട്ടുപതിറ്റാണ്ട് നീണ്ട കാവ്യജീവിതത്തിന് ശേഷം ഇരുപതാംനൂറ്റാണ്ടിന്‍റെ മഹാകവി ഓർമയാവുകയാണ്.
1926 മാർച്ച് 18-ന് അമേറ്റൂർ അക്കിത്തത്ത് മനയിലാണ് ജനനം. അച്ഛൻ വാസുദേവൻ നമ്പൂതിരി, അമ്മ ചേകൂർ മനയ്ക്കൽ പാർവതി അന്തർജനം. പ്രസിദ്ധചിത്രകാരനായ അക്കിത്തം നാരായണൻ സഹോദരനാണ്. മകൻ അക്കിത്തം വാസുദേവൻ. ഭാര്യ ശ്രീദേവി അന്തർജനം. 2019 നവംബറിൽ രാജ്യം അക്കിത്തത്തിന് ജ്ഞാനപീഠപുരസ്കാരം നൽകി ആദരിച്ചിരുന്നു. 2017-ൽ പദ്മശ്രീ പുരസ്കാരവും, 2012-ൽ വയലാർ പുരസ്കാരവും, 2008-ൽ എഴുത്തച്ഛൻ പുരസ്കാരവും 1974-ൽ ഓടക്കുഴൽ അവാർഡും, 1972-ലും 73-ലുമായി കേരള, കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകളും അക്കിത്തത്തിന് ലഭിച്ചു.
1930-കളിൽ പുരോഗമനപരമായി ചിന്തിച്ച മറ്റേതൊരു നമ്പൂതിരി യുവാവിനെയും പോലെ, സാമുദായിക നവീകരണ പ്രസ്ഥാനങ്ങളിലൂടെയാണ് അക്കിത്തം പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. അന്ന് അക്കിത്തത്തിന്‍റെ ഗുരു വി ടി ഭട്ടതിരിപ്പാടായിരുന്നു . നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ആ പ്രക്ഷോഭത്തിൽ, പഴകിയ ആചാരങ്ങളുടെ പായൽ പിടിച്ച തറവാട്ടകങ്ങളിൽ നിന്ന് പുരോഗമനപ്രസ്ഥാനങ്ങളിലേക്ക് ഇറങ്ങി നടന്നു അദ്ദേഹമുൾപ്പടെയുള്ള തലമുറ. സംസ്കൃതവും വേദവുമല്ലാതെ, മലയാളം പഠിച്ചു. ഇംഗ്ലീഷ് പഠിച്ചു. 1946 മുതൽ മൂന്ന് വർഷം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായിരുന്നു അദ്ദേഹം. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായി.
ആദ്യഘട്ടത്തിൽ ഇടതുസംഘടനകളുമായി സജീവബന്ധം പുലർത്തി അദ്ദേഹം. ഇഎംഎസ്സുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു അക്കിത്തത്തിന്.
”ഒരു കണ്ണീർക്കണം മറ്റു ള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവി- ലായിരം സൗരമണ്ഡലം ഒരു പുഞ്ചിരി ഞാൻ മറ്റു ള്ളവർക്കായ്‍ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിർമലപൗർണമി”, എന്ന് കവി ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസത്തിലൂടെ കവി ബോധോദയമാർന്നത് ആ ആശയധാര ചെലുത്തിയ സ്വാധീനത്തിന്‍റെ പിൻബലം കൊണ്ടുതന്നെയാണ്.
ഇരുപത്തിയാറാം വയസ്സിലാണ് കവി ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എഴുതിയത്. ഹിംസാത്മകമായ സമരങ്ങളെ, ഇടതുപക്ഷമുന്നേറ്റം നടന്ന കാലഘട്ടത്തിൽ എതിർത്തതോടെ, അക്കിത്തത്തെ ഇടതുപക്ഷവിരുദ്ധനായി മുദ്രകുത്തിയവരുണ്ടായി. കമ്മ്യൂണിസത്തിനെതിരായിരുന്നില്ല, ആ കവിത ഹിംസയ്ക്ക് എതിരായിരുന്നുവെന്ന് അക്കിത്തം പിന്നീട് പറഞ്ഞിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ട് ആകാശവാണിയിൽ ജോലി ചെയ്തു . 1956-ൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായിട്ടായിരുന്നു തുടക്കം. പിന്നീട് 1975-ഓടെ തൃശ്ശൂർ ആകാശവാണിയിൽ എഡിറ്ററായി. 1985-ൽ വിരമിച്ചു. ഹിന്ദുവർഗീയതയെ താലോലിക്കുന്നതാണ് അക്കിത്തത്തിന്‍റെ പിൽക്കാലത്തെ നിലപാടുകൾ എന്ന വിമർശനം സക്കറിയ ഉൾപ്പടെയുള്ളവർ ഉന്നയിച്ചിട്ടുണ്ട്.
‘ജലകാമനയുടെ വേദാന്തം’ എന്ന് ആർ വിശ്വനാഥൻ അക്കിത്തത്തിന്‍റെ കവിതകളെ വിശേഷിപ്പിച്ചിട്ടുണ്ട്. ഒരു കണ്ണീർക്കണമില്ലാതെ കവിയുടെ കവിതകളവസാനിക്കുന്നില്ല. കണ്ണീരും ചിരിയും ഒരേ സത്യബോധത്തിന്‍റെ സ്നേഹാനുഭവമാണെന്ന് നമ്മളോട് പറഞ്ഞ്, ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസമെഴുതിവച്ച്, കവി മടങ്ങുന്നു.
പ്രധാനകൃതികൾ: ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം, വെണ്ണക്കല്ലിന്‍റെ കഥ, ബലിദർശനം, വളക്കിലുക്കം, മനഃസ്സാക്ഷിയുടെ പൂക്കൾ, നിമിഷക്ഷേത്രം, പഞ്ചവർണ്ണക്കിളി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, ആലഞ്ഞാട്ടമ്മ, കരതലാമലകം, കളിക്കൊട്ടിലിൽ, സമത്വത്തിന്‍റെ ആകാശം. വിവർത്തനം: ശ്രീമദ്ഭാഗവതം – വിവർത്തനത്തിന്‍റെ മൂന്ന് വാല്യങ്ങൾ.