
newsdesk
മുക്കം: ഏരിമല സ്വദേശി എ.കെ പ്രഭാകരൻ നായരെ ഭാഷ സമന്വയ വേദി അംഗങ്ങൾ വീട്ടിലെത്തി ആദരിച്ചു. ശതാഭിഷേകത്തിൻ്റെ ഭാഗമായി കവിയുടെ പൂവാട്ട് ‘പ്രിയത ‘ വസതിയിൽ എത്തിയാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. ഭാഷാ സമന്വയവേദി പ്രസിഡണ്ട് ഡോ. ആർസു , സെക്രട്ടറി ഡോ.വാസവൻ, ഡോ. എം.കെ പ്രീത എന്നിവരാണ് വസതിയിലെത്തിയത്.
കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സമാദരണം. കവിത, ബാലസാഹിത്യം, കഥാപ്രസംഗം, ഓട്ടൻതുള്ളൽ എന്നീ ശാഖകളിൽ കൃതികൾ രചിച്ച് മലയാള ഭാഷയെ പുഷ്ടിപ്പെടുത്തിയ പ്രഭാകരൻ നായരുടെ സേവനം നിസ്തുലമാണെന്ന് ഡോ. ആർസു അഭിപ്രായപ്പെട്ടു. ബാല്യത്തിലെ അഭിരുചികൾ വികസിപ്പിച്ചെടുത്ത് സാഹിത്യ സൃഷ്ടികളാക്കി മാറ്റിയരചനാ വൈഭവം പുതു തലമുറയ്ക്ക് മാതൃകയാണെന്ന് ഡോ. വാസവൻ പറഞ്ഞു. തൻ്റെ അധ്യാപകരെയും, സാഹിത്യ സമ്മേളനങ്ങളിലൂടെ തൻ്റെ കാവ്യ ചേതനയെ പ്രചോദിപ്പിച്ച അക്കിത്തം, എൻ.വി കൃഷ്ണവാരിയർ, എൻ. എൻ. കക്കാട് എന്നിവരെയും അഭിമാന പൂർവ്വം പ്രഭാകരൻ നായർ അനുസ്മരിച്ചു.
അദ്ദേഹത്തിൻ്റെ ”ദുഃഖ പർവ്വം” എന്ന കവിതാ സമാഹാരത്തിലെ ‘പ്രഭാതം ” എന്ന കവിത ഡോ എം.കെ. പ്രീത ചടങ്ങിൽ ആലപിച്ചു. പി. കുഞ്ഞിരാമൻ നായർ, വിഷ്ണു നാരായണൻ നമ്പൂതിരി, ജോസഫ് മുണ്ടശ്ശേരി, കുഞ്ഞുണ്ണി മാഷ് എന്നിവരെ നേരിൽ കണ്ടതിൻ്റെ ആത്മ നിർവൃതി കവിയുടെ വാക്കുകളിൽ പ്രകടമായിരുന്നു. പുരാണ കഥാപാത്രങ്ങളിൽ , സ്ത്രീകളിൽ സീതയെയും പുരുഷരിൽ കർണ്ണനെയുമാണ് ഏറെ ഇഷ്ടമെന്ന് പ്രഭാകരൻ നായർ സൂചിപ്പിച്ചു. ജവാഹർലാൽ നെഹ്രു, ഖാൻ അബ്ദുൾ ഗഫാർ ഖാൻ , ഇന്ദിരാ ഗാന്ധി, വി.കെ. കൃഷ്ണമേനോൻ എന്നീ ദേശീയ നേതാക്കളെ കാണാനും അവരുടെ പ്രസംഗങ്ങൾ കേൾക്കാനും അദ്ദേഹത്തിന്സാധിച്ചു. കോഴിക്കോട് നഗരത്തിലെ പരിപാടികൾ കഴിഞ്ഞ് മാവൂരിലെത്തി ചൂട്ടു കത്തിച്ച് വീട്ടിലേക്കു നടന്നു പോയ കാലത്തെ അദ്ദേഹം ഓർത്തെടുത്തു.
ചടങ്ങിൽ കവിയുടെ പത്നി പങ്കജാക്ഷി , മക്കളായ പ്രീത, പ്രബിത, അരുൺ പ്രസാദ് , മരുമക്കൾ വിനോദ് കുമാർ, സതീശൻ , സഹോദരൻമാരായ മോഹൻദാസ്, ശശിധരൻ എന്നിവരും സംബന്ധിച്ചു