
Report: News Desk
കോഴിക്കോട്: പെട്രോൾ വില സെഞ്ചുറിയിലേക്ക് കുതിക്കുമ്പോൾ സാധാരണക്കാരുടെ നടുവൊടിക്കുകയാണ്. ജില്ലയിലെമ്പാടും പെട്രോൾ വില 90 രൂപയ്ക്കു മുകളിലെത്തി. കഴിഞ്ഞ വർഷത്തെ ലോക്ഡൗണിനു ശേഷം മാത്രം പെട്രോൾ വിലയിലുണ്ടായ വർധന 18 രൂപയാണ്. ഡീസൽ വില 85 രൂപയായി. പാചകവാതകത്തിന് ഈ മാസം മാത്രം വർധിപ്പിച്ചത് 75 രൂപയാണ് . കഴിഞ്ഞ ഡിസംബർ മുതലുള്ള വിലവർധന 175 രൂപയും.സാധാരണ കുടുംബങ്ങളെ ഇന്ധന വിലവർധന ഏറെ ബാധിക്കുന്നുണ്ട്.
ഇരുചക്രവാഹനങ്ങളിൽ ജോലിക്കും പഠനത്തിനും മറ്റും യാത്ര ചെയ്യുന്നവർക്ക് ഒരു മാസത്തെ ചെലവിൽ ഗണ്യമായ വർധനയാണ് കുറച്ചു മാസങ്ങളായി ഉണ്ടായത്. ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികൾക്കും ബസ് ഉടമകൾക്കും ഇന്ധനവില വർധന ഇരുട്ടടിയായി. സാധനങ്ങളുടെ വിലക്കയറ്റവും പൊതുജനത്തെ തുറിച്ചുനോക്കുന്നു. കോവിഡിന്റെ ദുരിതകാലത്തു നിന്ന് ഒരുവിധം അതിജീവനത്തിനു ശ്രമിക്കുമ്പോഴാണ് തീവിലയുമായി ഇന്ധനവിപണിയും സാധാരണക്കാരുടെ നടുവൊടിക്കാൻ എത്തുന്നത്.