
newsdesk
കോഴിക്കോട്: ‘ഔട്ട്സ്റ്റാന്‍ഡിംഗ് സോഷ്യല്‍ എന്‍ട്രപ്ര്യുണർ ഇന്‍ എഡ്യുക്കേഷന്‍ അവാർഡിന് ദയാപുരം വിദ്യാഭ്യാസ സാംസ്കാരികകേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി സി.ടി ആദില്‍ അർഹനായി. നൂതനവും ഭാവിയുക്തവുമായ ആശയങ്ങൾ പ്രാബല്യത്തില്‍ വരുത്തി സ്കൂള്‍ വിദ്യാഭ്യാസത്തിന് പുതിയ തലങ്ങള്‍ സൃഷ്ടിക്കുന്ന മികച്ച വിദ്യാഭ്യാസ സംരംഭകർകർക്കായി യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സൈബർ സ്ക്വയർ’ ഏർപ്പെടുത്തിയ പുരസ്കാരമാണിത്.
അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യില്‍ ജനുവരി 30-നു നടന്ന വേൾഡ് ഡിജിറ്റൽ ഫെസ്റ്റ് ഉച്ചകോടിയിൽ മസാച്യുസെറ്റ്‌സ് ടീച്ചർ ഓഫ് ദ ഇയർ 2024 ജേതാവ് ഡിഷോണ്‍ വാഷിംഗ്ടണ്‍, സി.ടി ആദിലിന് പുരസ്കാരം സമ്മാനിച്ചു. അജ്മാനിലെ ഏറ്റവും വലിയ ഇന്ത്യൻ കരിക്കുലം സ്കൂൾ ഗ്രൂപ്പായ ഹാബിറ്റാറ്റിന്‍റെ അക്കാദമിക് കണ്‍സള്‍ട്ടന്‍റ് കൂടിയാണ് ആദില്‍.
അനാഥ-അഗതി-ദരിദ്ര-സ്ത്രീ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 1984-ല്‍ സ്ഥാപിതമായ ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളിലുംയു.എ.ഇയില്‍ 2014-ല്‍ ആരംഭിച്ച ഹാബിറ്റാറ്റ് സ്കൂളുകളിലുമായി 15 വർഷത്തെ സന്നദ്ധ സാമൂഹിക പ്രവർത്തനങ്ങളും നൂതനസാങ്കേതികവിദ്യകള്‍ സിലബസില്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിക്കു നേതൃത്വം നല്കിയതുമാണ് സിടി ആദിലിനെ അവാർഡിനർഹനാക്കിയത്.
കേവലഉപഭോക്താക്കളില്‍ നിന്ന് നിർമാതാക്കളാവാന്‍ കുട്ടികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ പ്രാഥമികപാഠങ്ങളും കംപ്യൂട്ടർ കോഡിംഗും കെ.ജി മുതല്‍ ഇവിടെ സിലബസില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അതിലൂടെ പ്രോഗ്രാമിംഗ് പഠിച്ച കുട്ടികള്‍ ചെയ്ത പ്രൊജക്ടുകളുടെ പ്രദർശനത്തിനും അവതരണത്തിനുമായി വർഷംതോറും ഡിജിറ്റല്‍ ഫെസ്റ്റുകള്‍ നടത്തുന്നുണ്ട്. 2023-ല്‍ യു.എ.ഇ.യില്‍ നടന്ന ഇന്‍റർനാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റില്‍ ദയാപുരം സ്കൂളിലെ മൂന്നുവിദ്യാർത്ഥികള്‍ പങ്കെടുക്കുകയും രണ്ടുപേർ ഒന്നാംസ്ഥാനം നേടുകയും ചെയ്തിരുന്നു.
2024-ല്‍ ദയാപുരത്തു നടത്തിയ ഗ്ലോബല്‍ ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് ഡിജിറ്റല്‍ ഫെസ്റ്റില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി 43 സ്കൂളുകള്‍ പങ്കെടുത്തിരുന്നു.