റോഡുകൾ വെട്ടിപ്പൊളിച്ചു; കിടപ്പുസമരവുമായി ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി

ഓമശ്ശേരി∙ ജലജീവൻ മിഷൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകൾ പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങൾ കോഴിക്കോട്‌ മലാപ്പറമ്പിലുള്ള ജല അതോറിറ്റി ജില്ലാ ഓഫിസിനു മുന്നിൽ നടത്തിയ കിടപ്പുസമരം ഫലം കണ്ടതായി ജനപ്രതിനിധികൾ. രാവിലെ 10ന് ജില്ലാ എക്സിക്യൂട്ടീവ്‌ എൻജിനീയറുടെ കാര്യാലയത്തിനു മുന്നിലെത്തിയ ജനപ്രതിനിധികൾ മുദ്രാവാക്യം വിളിച്ചു നിലത്തുകിടന്നു പ്രതിഷേധിച്ചു.

പ്രശ്‌നപരിഹാരമില്ലാതെ തിരിച്ചു പോകില്ലെന്ന് പ്രഖ്യാപിച്ചു കിടന്നു പ്രതിഷേധിച്ച ജനപ്രതിനിധികളുടെ ആവശ്യങ്ങൾ നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം അധികൃതർ അംഗീകരിച്ചു. തീരുമാനങ്ങൾ ചുമതലപ്പെട്ടവർ എഴുതി ഒപ്പിട്ട്‌ നൽകിയതോടെ വൈകിട്ട് 4ന് ആണു സമരം ‌അവസാനിപ്പിച്ചത്‌.

പഞ്ചായത്തിന്റെ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി പ്രവൃത്തി നടക്കേണ്ട സ്പിൽ ഓവർ വർക്കുകളും പുതിയ പ്രവൃത്തികളും അടങ്ങുന്ന 57 ഗ്രാമീണ റോഡുകൾ ജനുവരി 20ന് അകവും മറ്റുള്ള മുഴുവൻ റോഡുകളും ഫെബ്രുവരി 20 ന് അകവും പൂർവ സ്ഥിതിയിലാക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ്‌ എൻജിനീയർ എൻ.ഐ.കുര്യാക്കോസ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉറപ്പ് നൽകുകയും ഈ തീരുമാനം എഴുതി നൽകുകയും ചെയ്തതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

2 വർഷം മുൻപ്‌ കുഴിയെടുത്ത്‌ മൂടിയ ഗ്രാമീണ റോഡുകളെല്ലാം ശരിയാക്കാത്തതിനാൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്‌. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണത്തിന്‌ ഫണ്ട്‌ വകയിരുത്തിയ റോഡുകൾ പോലും പ്രവൃത്തി നടത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്ന ഘട്ടത്തിലാണ്‌ ജനപ്രതിനിധികൾ കിടപ്പുസമരവുമായി എതിയത്‌.

ജില്ലാ പഞ്ചായത്ത്‌ അംഗം നാസർ എസ്റ്റേറ്റ്മുക്ക്‌ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് പി.കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ് ഫാത്തിമ അബു, സ്ഥിരം സമിതി അധ്യക്ഷരായ യൂനുസ്‌ അമ്പലക്കണ്ടി, സീനത്ത്‌ തട്ടാഞ്ചേരി, പഞ്ചായത്ത് അംഗങ്ങളായ പി.അബ്ദുൽ നാസർ, എം.എം.രാധാമണി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി.സുഹറ, കെ.ആനന്ദകൃഷ്ണൻ, എം.ഷീജ ബാബു, സി.എ.ആയിഷ, അശോകൻ പുനത്തിൽ, മൂസ നെടിയേടത്ത്‌ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!