
newsdesk
കോഴിക്കോട്: ദേശീയ തലത്തിലുള്ള ഡ്രോൺ വികസന മത്സരത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ എയറോഅൺവയർഡ് ക്ലബ്ബിന്റെ ഭാഗമായ ഒമ്പത് വിദ്യാർത്ഥികളടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു. മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന ഡ്രോൺ വികസിപ്പിച്ചാണ് എൻ ഐ ടി സി വിദ്യാർത്ഥികൾ അഭിമാന നേട്ടം കരസ്ഥമാക്കിയത്.
സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്സ് (എസ് എ ഇ ) ഇന്ത്യ ദേശീയ തലത്തിൽനടത്തിയ ആൾ ഇന്ത്യ ഓട്ടോണമസ് ഡ്രോൺ ഡെവലപ്മെന്റ്-2023 മത്സരത്തിൽ ആണ് എൻ ഐ ടി സി യിലെ എയറോമോഡലിംഗ് ക്ലബ്ബിലെ വിദ്യാർത്ഥികൾ മികച്ച ഡിസൈൻ റിപ്പോർട്ട് അവാർഡ് കരസ്ഥമാക്കിയത്. ചെന്നൈയിൽ നടന്ന മത്സരത്തിൽ ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി 42 ടീമുകൾ ആണ് പങ്കെടുത്തത് .
അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യരക്ഷാ സാധനങ്ങൾ കൊണ്ടുപോകുന്നതിനായുള്ള ഒരു സ്വയംനിയന്ത്രിത ഡ്രോൺ ആണ് മത്സരത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി തങ്ങൾ വികസിപ്പിച്ചെടുത്തത് എന്ന് ടീമംഗമായ ആയുഷ് സിങ് പറഞ്ഞു. മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരമുള്ള മെഡിക്കൽ സാധനങ്ങൾ കൊണ്ടുപോകുന്നതിന് സ്വയംനിയന്ത്രണശേഷിയുള്ള ഡ്രോൺ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുക എന്നതായിരുന്നു എസ് എ ഇ നടത്തിയ മത്സരത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആയുഷ് സിംഗ്, ഹിമാൻഷു ദുഡി, സിറിയക് ജോയ്, നവീൻ സുനിൽ, കോമൾ സിംഗ്, ശ്യാം പ്രകാശ്, വേദാന്ത് ജാദവ്, അരുൺ എസ്.കെ, അനുരാഗ് ഭട്ട് എന്നിവരടങ്ങിയ ടീമാണ് മത്സരത്തിൽ വിജയികളായത്. വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിദൂരമായി പൈലറ്റുചെയ്ത റോട്ടറി വിംഗ് ഡ്രോൺ എന്ന ആശയം ഉൾക്കൊള്ളാനും രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നതിനായാണ് സംഘാടകർ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
ഡ്രോൺ വികസിപ്പിക്കുന്നതിന് മത്സരത്തിന്റെ സംഘാടകർ ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. മാർഗ്ഗനിർദ്ദേശം അനുസരിച്ച്, ഡ്രോൺ സ്വയം നിർദ്ദിഷ്ട സ്ഥലത്തേക്ക് നീങ്ങുകയും മെഡിക്കൽ സാധനങ്ങൾ നിക്ഷേപിച്ച് ബേസ് സ്റ്റേഷൻ സ്ഥാനത്തേക്ക് മടങ്ങുകയും വേണം എന്നും അതിനനുസൃതമായാണ് വിദ്യാർഥികൾ ഡ്രോൺ നിർമിച്ചത് എന്നും അധ്യാപക കോഓർഡിനേറ്റർമാരായ ശ്രീ. എ എം ശ്രീനാഥ്, ഡോ. ടി ജെ എസ് ജോതി എന്നിവർ പറഞ്ഞു. 3 മീറ്റർ ഉയരത്തിൽ നിന്ന് വൈദ്യുതകാന്തിക സംവിധാനം ഉപയോഗിച്ച് പേലോഡ് വീഴ്ത്തുന്ന തരത്തിലാണ് ഡ്രോൺ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ക്ലബ് എയറോഅൺവയർഡിന്റെ ചുമതലയുള്ള അധ്യാപകർ പറഞ്ഞു.
എൻ ഐ ടി സി യിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് എയ്റോഅൺവയേർഡ് ക്ലബ് മത്സരത്തിനായി ഒരുങ്ങിയത്.