
newsdesk
മുക്കം: കഴിഞ്ഞ മൂന്നുമാസമായി സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് പണം നൽകാതെ സർക്കാർ. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവിലേക്കാണ് സർക്കാർ ഇനിയും തുക കൈമാറാത്തത്. ശരാശരി 1000 കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിൽ സർക്കാർ നൽകുന്ന സാധനങ്ങൾക്ക് പുറമെ മാസം 80,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഉച്ചഭക്ഷണം തയ്യാറാക്കാനായി ചെലവഴിക്കേണ്ടത്.
മൂന്നുമാസമായി സർക്കാർ പണം നൽകാതെ ആയതോടെ ലക്ഷകണക്കിന് രൂപയാണ് പ്രധാനധ്യാപകർക്ക് ബാധ്യതയായി വന്നിരിക്കുന്നത്. മാസം കിട്ടുന്ന ശമ്പളം മുഴുവനും ഉച്ചഭക്ഷണ പദ്ധതി നിലയ്ക്കാതിരിക്കാൻ പ്രധാനാധ്യാപകർ ചിലവാക്കിയിട്ടും തികയാത്ത അവസ്ഥയാണ്. പലയിടത്തു നിന്നും കടം വാങ്ങിയും മറ്റുമാണ് മൂന്നുമാസം പിടിച്ചുനിന്നതെന്ന് പ്രധാനാധ്യാപകർ പറയുന്നു. ശമ്പളമായി ലഭിക്കുന്ന തുകയേക്കാൾ വലിയ തുക ഉച്ച ഭക്ഷണ പദ്ധതിക്കായി ചെലവാക്കേണ്ടി വന്നുവെന്നും ഇത് താങ്ങാനുള്ള സാമ്പത്തികശേഷി തനിക്കില്ലെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രധാനാധ്യാപകൻ പറഞ്ഞു. പാൽ മുട്ട ഗ്യാസ് പച്ചക്കറി പലവ്യഞ്ജനം എന്നിവ നൽകുന്ന കടകളിൽ കൃത്യമായി പണം നൽകേണ്ടതുണ്ട്. ഫലപ്രധാന അധ്യാപകരും കടം പറഞ്ഞാണ് ഇവ വാങ്ങിയിരുന്നത്. മാസങ്ങളായി പണം നൽകാതിരുന്നതോടെ പച്ചക്കറി കടക്കാർ അടക്കം പ്രധാന അധ്യാപകരെ നിരന്തരം വിളിച്ച് പണം അടക്കാൻ ആവശ്യപ്പെടുകയാണ്. ലഭിക്കുന്ന മുഴുവൻ ശമ്പളവും കൂടാതെ കടം കൂടി വാങ്ങിയാണ് ഭൂരിഭാഗം സ്കൂളുകളിലെയും പ്രധാനാദ്ധ്യാപകർ ഉച്ച ഭക്ഷണ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.
മൂന്നുമാസമായിട്ടും സർക്കാർ പണം അനുവദിക്കാതിരുന്നതോടെ പ്രധാനാദ്ധ്യാപകരും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകരും പദ്ധതി മുടങ്ങാതിരിക്കാൻ നെട്ടോട്ടമോടുകയാണ്. നിലവിൽ സ്കൂളുകളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ഉച്ചഭക്ഷണ പദ്ധതിയെ ആശ്രയിക്കുന്നുണ്ട്. സർക്കാർ അടിയന്തരമായി പണം അനുവദിക്കണമെന്നാണ് പ്രധാന അധ്യാപകർ പറയുന്നത്. സ്ഥിതി അതീവ രൂക്ഷമാണെന്നും പണം അനുവദിക്കുന്നതിൽ സർക്കാർ ഇനിയും അലംഭാവം കാണിച്ചാൽ ഉച്ചഭക്ഷണ പദ്ധതി പല സ്കൂളുകളിലും നിർത്തിവയ്ക്കേണ്ടി വരുമെന്നും പ്രധാനാധ്യാപകർ പറയുന്നു.