ശക്തമായ മഴ; മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ

Web Desk

ശക്തമായ മഴയെ തുടർന്ന് ഇടുക്കി മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. വലിയ പാറകൾ റോഡിലേക്ക് നിലംപതിച്ചതോടെ വഴി പൂർണമായും അടഞ്ഞ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ വർഷം ഇടിഞ്ഞ സ്ഥലത്ത് തന്നെയാണ് ഇടിഞ്ഞിരിക്കുന്നത്. ബൈസൺവാലിക്ക് പോകുന്ന ജംക്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ അകലെയാണ് രാത്രി 11 മണിയോടെ മലയിടിച്ചിലുണ്ടായത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ മഴ തുടരുകയാണ്.

ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ മഴമുന്നറിയിപ്പുണ്ട്.

അതേസമയം, ഗുലാബ് ചുഴലിക്കാറ്റിൽ ആന്ധ്രപ്രദേശിൽ രണ്ട് മത്സ്യതൊഴിലാളികൾ മരിച്ചു. ഒരാളെകാണാതായി. കനത്ത മഴയിൽ ഗുജറാത്തിൽ ഒരാൾ മരിച്ചു. ഒഡീഷയിൽ 6 ജില്ലകളിൽ നിന്നായി 39000ത്തോളം പേരെ മാറ്റിപാർപ്പിച്ചു. ഭുവനേശ്വർ വഴിയുള്ള ട്രെയിൻ സർവ്വിസുകൾ റദ്ദാക്കി. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് ബുധനാഴ്ചവരെ വിലക്കുണ്ട്.ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ, തെലുങ്കാന, ചത്തിസ്ഗഡ് എന്നിവിടങ്ങളിൽ മഴ ശക്തമാണ്. മഹാരാഷ്ട്രയുടെ വിവിധ മേഖലകളിൽ കനത്ത മഴ തുടരുന്നു. മുംബൈ, പൂനെ, പാൽഗട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.

error: Content is protected !!