
newsdesk
മുക്കം: സർവ്വ മംഗളകാരിണിയായ ഉച്ചക്കാവിലമ്മയുടെ തിരുവുത്സവം ഉച്ചാരൽ മഹോത്സവത്തിന് ഇന്ന് തുടക്കമായി . 11, 12, 13 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശേഷാൽ പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി കഴക്കുമ്പാട്ട് ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിക്കും. മൂന്ന് ദിവസങ്ങളിലും ഉച്ചക്കും രാത്രിയും പ്രസാദ ഊട്ടുണ്ടാകും.
ഒന്നാം ദിവസമായ 11ന് ബുധൻ രാവിലെ ഒമ്പതിന് ചെറുവാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടക്കും. വൈകുന്നേരം വിവിധ ദേശങ്ങളിൽ നിന്നുള്ള ആഘോഷവരവുകൾ ക്ഷേത്രത്തിലെത്തിച്ചേരും. ഗാനമേള, നൃത്ത തൃത്യങ്ങൾ എന്നിവയും നടക്കും.രണ്ടാം ദിവസം വ്യാഴം രാവിലെ ഒമ്പതിന് നൂറ് കണക്കിന് ഭക്തർ പങ്കെടുക്കുന്ന സർവ്വൈശ്യര്യപൂജയുണ്ടാകും.വൈകുന്നേരം ക്ഷേത്രത്തിൽ സർപ്പബലിയും നടക്കും.
രാത്രി സംസ്ക്കാരിക സമ്മേളനം ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. സമാപന ദിവസം വൈകുന്നേരം തൃക്കളയൂർ മഹാദേവക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് താലപ്പൊലി എഴുന്നള്ളത്ത് നടക്കും.സംഗീത സുധ, തായമ്പക, ലാസ്യ മോഹിനി നാടകം എന്നിവയും അരങ്ങേറും.