
newsdesk
മുക്കം : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ നായാടംപൊയിലിൽ പ്രവർത്തിക്കുന്ന ഒരു പന്നിഫാമിലാണ് ഒരു മാസത്തിനിടെ നൂറിലധികം പന്നികൾ അജ്ഞാത രോഗം ബാധിച്ച് ചത്തത്. സംഭവത്തിൽ കടുത്ത ആരോഗ്യഭീഷണിയുയർത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒളിച്ചുകളി നടത്തുന്നതായി ആരോപിച്ച് എൽ.ഡി.എഫ് ജനപ്രതിനിധികൾ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട പുന്നക്കൊമ്പിൽ ജിബിൻ എന്നയാളുടെ ഫാമിലാണ് നാടിനെ നടുക്കിയ സംഭവം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നൂറിലധികം പന്നികളാണ് ഇവിടെ രോഗം ബാധിച്ച് ചത്തൊടുങ്ങിയത്. ലൈസൻസില്ലാതെ തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഈ ഫാം പ്രവർത്തിക്കുന്നതെന്ന് നാട്ടുകാരും വാർഡ് മെമ്പർമാരും ആരോപിക്കുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ കൊണ്ടുവന്ന് പറമ്പിൽ തള്ളുന്നത് കാരണം പ്രദേശം കടുത്ത മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഈ മലിനജലം സമീപത്തെ മഞ്ഞക്കടവ് പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. നിരവധി കുടിവെള്ള പദ്ധതികൾ ആശ്രയിക്കുന്ന പുഴയിലേക്ക് മാരക രോഗാണുക്കൾ പടരാൻ ഇത് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
രോഗം ബാധിച്ച പന്നികളെ രാത്രിയുടെ മറവിൽ അങ്കമാലി, ചാലക്കുടി, എറണാകുളം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കടത്തുന്നതായി നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്. ഇത് വലിയ തോതിലുള്ള മനുഷ്യ ജീവന് തന്നെ ഭീഷണിയാണ്.
പരിശോധനയ്ക്ക് എത്തിയ ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും ഭരണസമിതിക്ക് മുന്നിൽ ഒത്തുകളിക്കുകയാണെന്നും, എടുത്ത സാമ്പിളുകൾ പോലും ഇതുവരെ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
15 ദിവസം മുൻപ് പഞ്ചായത് വൈസ് പ്രസിഡന്റും ഹെൽത്ത് ഇൻസ്പെക്ടറും സ്ഥലം സന്ദർശിച്ചിട്ടും നോട്ടീസ് നൽകാനോ ആവശ്യമായ ക്രമീകരണം വരുത്താനോ ഒരു നടപടിയും സ്വീകരിച്ചില്ല എന്നും ഇവർ ആരോപിക്കുന്നു .
നടപടി എടുക്കേണ്ട കാര്യത്തിൽ ഗ്രാമപഞ്ചായത്തും വെറ്ററിനറി സർജനും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഫാം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഒന്നരവർഷമായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കൂടരഞ്ഞിയിലെ 98 ശതമാനം കർഷകരും നിയമം പാലിച്ച് ഫാം നടത്തുമ്പോൾ, ഇത്തരം ചിലരുടെ നിയമലംഘനം കാരണം മറ്റ് കർഷകരുടെ ഉപജീവനമാർഗ്ഗം കൂടിയാണ് പ്രതിസന്ധിയിലാകുന്നത്.
സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർക്ക് പരാതി നൽകാൻ സമരസമിതി തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ ബഹുജന സമരങ്ങളുമായി മുന്നോട്ട് പോകാനാണ് എൽ.ഡി.എഫ് തീരുമാനം. പഞ്ചായത്ത് അംഗങ്ങളായ ആദർശ് ജോസഫ്, തോമസ് മാത്യു, റോയി ആക്കേൽ, രത്ന രാജേഷ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.