ചാലിയാറിലും ഇരുവഴിഞ്ഞി പുഴയിലും അനധികൃത മണൽക്കടത്ത് അതിരൂക്ഷം; കടത്ത് സംഘങ്ങൾ തമ്മിൽ ആയുധമുപയോഗിച്ച് പോര് ;പോലീസും റവന്യു വകുപ്പും കണ്ണടക്കുന്നു; കണ്ട ഭാവം നടിക്കാതെ ഗ്രാമ പഞ്ചായത്തും

കൊടിയത്തൂർ: ചാലിയാറിലും ഇരുവഴിഞ്ഞിപുഴയിലും അനധികൃത മണൽക്കടത്ത് വ്യാപകമായി.ഇതാേക്ട സ്വൈര്യ ജീവിതം നഷ്ടപ്പെട്ട് പ്രദേശവാസികൾ.ഇടവഴിക്കടവ് കേന്ദ്രീകരിച്ചാണ് വൻതോതിൽ രാത്രിയുടെ മറവിൽ മണൽ കൊള്ള നടക്കുന്നത്.


ഇതിന് പുറമെ മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറ മുതൽ കോഴിക്കോട് ജില്ലയിലെ കൽപള്ളി വരെയുള്ള ഭാഗങ്ങളിലും അനധികൃത മണൽ വാരൽ നടക്കുന്നുണ്ട്. രാത്രിയുടെ മറവിൽ നടക്കുന്ന മണൽക്കൊള്ള പുലർച്ചെ വരെ നീളുന്നു. ഇതിനെതിരെ പോലീസും റവന്യു വകുപ്പും ഗ്രാമ പഞ്ചായത്തും കണ്ണടയ്ക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി മണൽക്കടത്ത് സംഘങ്ങൾ തമ്മിൽ ആയുധമുപയോഗിച്ച് സംഘർഷവുമുണ്ടായി. കടവിനു സമീപമുള്ള റോഡിൽ വെച്ച് ആളുകൾ തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയും വാക്കേറ്റത്തെ തുടർന്ന് കൂട്ടത്തിലൊരാൾക്ക് കത്തിക്കുത്തിൽ പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രശ്നം രൂക്ഷമായിട്ടും പോലിസിൻ്റെയും റവന്യു വകുപ്പിൻ്റെയും നേതൃത്വത്തിൽ യാതൊരു നടപടിയുമില്ലാത്തതിലും പ്രതിഷേധം ശക്തമാണ്.

പോലീസും മണൽകടത്ത് സംഘങ്ങളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് മണൽകടത്ത് സംഘങ്ങൾ വിലസുന്നതെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്. നാൽപ്പതിലധികം വരുന്ന ആളുകളാണ് മണൽ കടത്തിനായി എത്തുന്നത്. ഇതിൽ ആരും പ്രദേശവാസികളല്ല. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് ലോറികളിലേക്ക് മണൽ കയറ്റുന്നത്. വൻമാഫിയ സംഘത്തിന്റെ ഇടപെടൽ ഇതിന് പുറകിലുണ്ടെന്നും നാട്ടുകാർ പറയുന്നു. മണൽക്കടത്ത് സംഘത്തിനെതിരെ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!