
newsdesk
BY : സി.ഫസൽ ബാബു
മുക്കം: കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പൂർത്തിയാക്കി അഞ്ചു വർഷം കഴിഞ്ഞിട്ടും കുടിവെള്ളം ലഭിക്കാതെ മുപ്പതോളം കുടുംബങ്ങൾ. മുക്കം നഗരസഭയിലെ മാമ്പറ്റ കാതോട്ട്, അരക്കംപറ്റ പ്രദേശത്തെ കുടുംബങ്ങളാണ് അഞ്ചു വർഷമായി കുടിവെള്ളത്തിനായി കാത്തിരിക്കുന്നത്. വേനൽ കടുക്കുമ്പോൾ വലിയ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണിത്.
2021ൽ, മുക്കം നഗരസഭയുടെ പ്രഥമ ഭരണ സമിതിയുടെ അന്തിമ ഘട്ടത്തിലാണ് 50 ലക്ഷം രൂപ ചെലവിൽ തടപ്പറമ്പ് കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുന്നത്. നേരത്തെ നിലവിലുണ്ടായിരുന്ന താഴക്കോട് – തടപ്പറമ്പ് കുടിവെള്ള പദ്ധതിയിലൂടെ 150 ലേറെ കുടുംബങ്ങൾക്കാണ് ശുദ്ധജലം എത്തിച്ചിരുന്നത്. ഈ ശുദ്ധജല വിതരണ പദ്ധതി അപര്യാപ്തമായതോടെയാണ് എസ്.സി ഫണ്ടുപയോഗിച്ച് 50 ലക്ഷം രൂപ ചെലവിൽ പുതിയ പദ്ധതി യാഥാർഥ്യമാക്കിയത്. നിലവിലെ 150 കുടുംബങ്ങളെ രണ്ട് കുടിവെള്ള പദ്ധതിയിലേക്കുമായി തിരിച്ച്, അരക്കംപറ്റ, കാതോട്ട് പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളെ പുതിയ പദ്ധതിയിൽ ഉപഭോക്താക്കളാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.
ടാങ്ക് നിർമാണത്തിനും ടാങ്കിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് സ്ഥാപിക്കുന്നതിനുമായി 25 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. എന്നാൽ, സാങ്കേതിക തടസ്സങ്ങളെ തുടർന്ന് നേരത്തെ സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് നിന്ന് 150 മീറ്ററോളം മാറിയാണ് ടാങ്ക് നിർമിച്ചത്. കിണർ നിർമാണത്തിനും കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കുന്നതുമായി രണ്ടാംഘട്ടത്തിൽ 25 ലക്ഷം രൂപയും അനുവദിച്ചു.
എന്നാൽ, എസ്റ്റിമേറ്റിൽ പറഞ്ഞ സ്ഥലത്ത് നിന്ന് മാറി ടാങ്ക് നിർമിച്ചതോടെ പദ്ധതി ചെലവിൽ വലിയ വർധനവുണ്ടായി. തുടർന്ന്പഴയ കുടിവെളള പദ്ധതിയുടെ പൈപ്പിലേക്ക് പുതിയ പദ്ധതിയുടെ പൈപ്പ് കൂട്ടിച്ചേർത്താണ് നിലവിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്.നേരത്തെ നിശ്ചയിച്ചിരുന്ന അരക്കംപറ്റ, കാതോട്ട് ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പൈപ്പ് സ്ഥാപിക്കാൻ തുകയില്ലാതെ വന്നു. പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്ത് വിവിധ ഘട്ടങ്ങളിലായി എട്ടു ലക്ഷം രൂപ ചെലവാക്കി പൈപ്പ് സ്ഥാപിച്ചെങ്കിലും ഇതുവരെ കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ല. ഉപഭോക്തൃ വിഹിതമായി ഓരോ കുടുംബവും അയ്യായിരം രൂപയെങ്കിലും നൽകണമെന്ന് പരിപാലന കമ്മിറ്റി അറിയിച്ചതോടെ സംഭവം വീണ്ടും വിവാദമായി. തങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ് ഈതുകയെന്ന് ചില ഉപഭോക്താക്കൾ പറയുന്നു. കുടിവെള്ള എത്രയും പെട്ടെന്ന് ആരംഭിച്ചില്ലെങ്കിൽ വരുന്ന വേനൽക്കാലത്ത് എന്തു ചെയ്യുമെന്ന ആശങ്കയിലാണ് പ്രദേശത്തെ മുപ്പതോളം കുടുംബങ്ങൾ.