മുക്കം –അരീക്കോട് റോഡിൽ അപകടങ്ങൾക്ക് തടയിടാൻ വഴി നീളെ ഊർജിത പരിശോധന; കാരണങ്ങൾ പഠിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കും

മുക്കം∙ സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ അപകട മരണം വർധിച്ച സാഹചര്യത്തിൽ മോട്ടർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത്, വകുപ്പുകളുടെ നേതൃത്വത്തി‍ൽ സംയുക്ത പരിശോധന നടത്തി. അപകടങ്ങൾ വർധിക്കുന്നതിന്റെ കാരണങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുകയാണ് ലക്ഷ്യം. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒ വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു റോഡിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന.വിവിധ വകുപ്പ് അധികാരികൾക്കൊപ്പം കെഎസ്ടിപി അധികൃതരും നെല്ലിക്കാപ്പറമ്പ് സന്നദ്ധ സംഘടന പ്രവർത്തകരും പങ്കാളികളായി. റോഡ് നവീകരണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു.

മഴയിൽ വാഹനങ്ങൾ തെന്നിയാണ് കൂടുതലും അപകടങ്ങളും നടക്കുന്നതെന്നും ആക്ഷേപമുണ്ട്. അപകടങ്ങൾ പതിവായി നടക്കുന്ന നോർത്ത് കാരശ്ശേരി മാടാപുറം, ഓടത്തെരുവ്, കറുത്തപറമ്പ്, എയർപോർട്ട് കവല, വലിയപറമ്പ്, ഗോതമ്പ് റോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് കാര്യമായ പരിശോധന നടത്തിയത്. നോർത്ത് കാരശ്ശേരിക്ക് സമീപവും കറുത്തപറമ്പ്, വലിയപറമ്പ് ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിലും അപകടങ്ങൾ ഉണ്ടായിരുന്നു.

നേരത്തെ മന്ത്രി കെ.ബി.ഗണേഷ് കുമാർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷ യോഗത്തിലും അപകടങ്ങൾ സംബന്ധിച്ച് പഠനം നടത്തുന്നതിന് വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. റോഡിൽ അടിയന്തരമായി ചെയ്യേണ്ട നടപടികൾ സംബന്ധിച്ചുളള റിപ്പോർട്ട് ഉടൻ സമർപ്പിച്ചേക്കും. ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യേണ്ട പ്രവൃത്തികൾ സംബന്ധിച്ചും റിപ്പോർട്ട് നൽകും. അപകട മേഖലകൾ കേന്ദ്രീകരിച്ച് റോഡിൽ ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന ആവശ്യം പരിശോധനയിൽ ഉയർന്നിട്ടുണ്ട്. നിരീക്ഷണ ക്യാമറകളും വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കണമെന്ന ആവശ്യവും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!