
newsdesk
ചേവായൂർ∙ ഗവ. മെഡിക്കൽ കോളജിലെ ബയോമെഡിക്കൽ മാലിന്യം മാറ്റാതെ കുന്നുകൂടുന്നു. മെഡിക്കൽ കോളജിലെ 3 ആശുപത്രികളിൽ നിന്നുള്ള മാലിന്യം മാറ്റാതെ 3 ദിവസം പിന്നിട്ടതോടെ രോഗാണുക്കൾ പെരുകാൻ സാധ്യതയേറെയാണ്. ഓപ്പറേഷൻ തിയറ്ററുകൾ, വാർഡുകൾ, അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള സിറിഞ്ച്, സൂചി, കാനുല, രക്തക്കുപ്പികൾ, ട്യൂബുകൾ തുടങ്ങി ബയോ മെഡിക്കൽ മാലിന്യങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്.പാലക്കാട്ടുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) ഇമേജ് പ്ലാന്റിലേക്ക് പതിവായി കൊണ്ടുപോകുന്ന മാലിന്യമാണിത്.
ഈയിടെ ഇമേജിന്റെ ആളുകളും പുതുതായി ചാർജെടുത്ത ഹെൽത്ത് ഇൻസ്പെക്ടർമാരും (എച്ച്‌ഐ) തമ്മിലുള്ള പ്രശ്‌നമാണ് ലോഡ് കൊണ്ടുപോകാൻ തടസ്സമായതെന്ന് ജീവനക്കാർ പറയുന്നു. മുൻപ് നഴ്‌സിങ് സൂപ്രണ്ട് ഓഫിസിന് കീഴിലുള്ള ജീവനക്കാരാണ് മാലിന്യം വേർതിരിച്ച് ഐഎംഎയുടെ വണ്ടിയിൽ കയറ്റി അയച്ചിരുന്നത്. എന്നാൽ നവംബർ 1 മുതൽ എച്ച്‌ഐ മാരുടെ നേതൃത്വത്തിൽ മാലിന്യം മാറ്റുന്നത് ഏറ്റെടുത്തെങ്കിലും നടപടികൾ തടസ്സപ്പെടുകയായിരുന്നു.