വയോധിക പീഡനത്തിനിരയായ സംഭവം: ടവർ പരിധിയില മുഴുവൻ മൊബൈലുകളും പരിശോധിക്കും

ജോലിക്ക് പോകുന്നതിനിടെ വയോധിക പീഡനത്തിനിരയായ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി. ഇതിൻ്റെ ഭാഗമായി സംഭവം നടന്ന മൊബൈൽ ടവർ പരിധിയിലെ ആ സമയത്തെ മുഴുവൻ മൊബൈലുകളും പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി സൈബർ വിദഗ്ധർ മുക്കം പൊലിസ് സ്റ്റേഷനിലെത്തി നടപടികൾ ആരംഭിച്ചു. പ്രതിക്കുവേണ്ടി വിവിധ രീതിയിൽ അന്വേഷണം നടത്തിയിട്ടും യാതൊരു തെളിവും ലഭിക്കാത്തതിനെ തുടർന്നാണ് മൊബൈൽ ടവറിന് പരിധിയിലുള്ള മുഴുവൻ ഫോണുകളും പരിശോധിക്കുവാൻ അന്വേഷണസംഘം തീരുമാനിച്ചത്. ഏറെ ശ്രമകരമായ ദൗത്യമാണിതെന്ന് പൊലിസ് പറയുന്നു.ഇതുവഴി പ്രതിയിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അതേസമയം പീഡനത്തിനിരയായ മുത്തേരി സ്വദേശിനിയായ അറുപത്തഞ്ച് വയസുകാരി പരുക്കുകൾ ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസ്, താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ അഷ്റഫ് എന്നിവരുടെ മേൽനോട്ടത്തിൽ മുക്കം ഇൻസ്പെക്ടർ ബി.കെ സിജു, ബാലുശ്ശേരി ഇൻസ്പെക്ടർ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സംഘമായാണ് കേസിൽ അന്വേഷണം നടക്കുന്നത്. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെയും പ്രതി സഞ്ചരിക്കാൻ ഇടയുള്ള സ്ഥലങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതും വിശദമായി പരിശോധിച്ചു വരികയാണ്.

error: Content is protected !!